നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദമായ ഏപ്രിൽ-ജൂൺ കാലയളവിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോണിന്റെ (APSEZ) ഏകീകൃത അറ്റാദായം 10.23 ശതമാനം വർധിച്ച് 3,649.50 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി 3,310.60 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരുന്നത്. മികച്ച വരുമാന വളർച്ചയാണ് കമ്പനിയുടെ ഇപ്പോഴുള്ള നേട്ടത്തിന് കാരണം. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ 9,422.18 കോടി രൂപയിൽ നിന്ന് ഈ പാദത്തിൽ 11,673.71 കോടി രൂപയായി ഉയർന്നതായും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി.

അതേസമയം, വരുമാനത്തിനൊപ്പം കമ്പനിയുടെ ആകെ ചെലവുകളും കഴിഞ്ഞ വർഷത്തെ 5,731.88 കോടി രൂപയിൽ നിന്ന് ഈ കാലയളവിൽ 7,078.64 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. 2030ഓടെ ആഭ്യന്തര ശേഷി 1,000 MMT ആയി ഉയർത്തുക, ആഗോളതലത്തിലുള്ള പോർട്ട് ശൃംഖല വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പ്രവർത്തനങ്ങളാണ് കമ്പനിയെ മുന്നോട്ട് നയിക്കുന്നതെന്ന് എപിഎസ്ഇസെഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശ്വനി ഗുപ്ത വ്യക്തമാക്കി. ദീർഘകാല മൂല്യവർദ്ധന ലക്ഷ്യമിട്ടുള്ള സുസ്ഥിരമായ വളർച്ചയാണ് ഈ പാദ ഫലങ്ങൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adani Ports and Special Economic Zone (APSEZ) reports a 10.23% rise in Q1 consolidated net profit to ₹3,649.50 crore, supported by strong operational revenue growth.
