പ്രമുഖ എൻജിനീയറിങ് കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയ്ക്ക് (L&T) മിഡിൽ ഈസ്റ്റിൽ നിന്ന് വൻകിട കരാർ ലഭിച്ചു. 5,000 മുതൽ 10,000 കോടി രൂപ വരെ മൂല്യമുള്ള ‘മേജർ’ വിഭാഗത്തിൽപ്പെടുന്ന എപിസി (EPC) കരാറാണ് എൽ ആൻഡ് ടിയുടെ എനർജി ഹൈഡ്രോകാർബൺ വിഭാഗം കുവൈത്ത് ഓയിൽ കമ്പനിയിൽ (KOC) നിന്ന് സ്വന്തമാക്കിയത്. കുവൈത്തിന്റെ പ്രധാനപ്പെട്ട ജുറാസിക് ലൈറ്റ് ഓയിൽ (JLO) കയറ്റുമതി സൗകര്യങ്ങളുടെ വികസനവും രാജ്യത്തിന്റെ നിലവിലുള്ള കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കലുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഈ ടേൺകീ പദ്ധതിയുടെ ഭാഗമായി 6,18,000 ബാരൽ വീതം ശേഷിയുള്ള ആറ് പുതിയ ക്രൂഡ് ഓയിൽ സ്റ്റോറേജ് ടാങ്കുകളും അവയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും എൽ ആൻഡ് ടി നിർമ്മിക്കും. കൂടാതെ, പുതിയ പൈപ്പുകൾ സ്ഥാപിക്കുകയും കുവൈത്തിന്റെ ക്രൂഡ് ലോഡിങ്, കയറ്റുമതി ശൃംഖല വിപുലീകരിക്കുകയും ചെയ്യും. വർദ്ധിച്ചുവരുന്ന ഉത്പാദന തോത് സുഗമമായി കൈകാര്യം ചെയ്യാനും രാജ്യത്തിന്റെ ക്രൂഡ് ഹാൻഡ്ലിംഗ് ശേഷി വർദ്ധിപ്പിക്കാനും ഈ പദ്ധതി ഏറെ സഹായിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി
Larsen & Toubro (L&T) secures a major EPC contract worth ₹5,000–10,000 crore from Kuwait Oil Company (KOC) for Jurassic Light Oil export expansion
