രാജ്യത്തെ ലോക്കോ പൈലറ്റുമാർ ദീർഘകാലമായി നേരിടുന്ന അടിസ്ഥാന സൗകര്യ പ്രശ്നത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ 12,000 ഹോഴ്സ് പവർ ഇലക്ട്രിക് ലോക്കോമോട്ടീവുകളിൽ വാട്ടർലെസ് യൂറിനലുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചേയ്യുന്നു. പ്രത്യേകിച്ച് വനിതാ ലോക്കോ പൈലറ്റുമാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ സൗകര്യം ഏറെ നിർണായകമാണെന്ന് റെയിൽവേ വിലയിരുത്തുന്നു.

ബിഹാറിലെ മധേപുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയിൽ നിർമിക്കുന്ന പുതിയ എൻജിനുകളിലാണ് വാട്ടർലെസ് യൂറിനൽ ഉൾപ്പെടുത്തുന്നത്. നിലവിൽ സർവീസിലുള്ള ലോക്കോമോട്ടീവുകളിലും ഘട്ടംഘട്ടമായി ഈ സംവിധാനം റെട്രോഫിറ്റ് ചെയ്യാനാണ് പദ്ധതി. ഇന്ത്യൻ റെയിൽവേയും ഫ്രഞ്ച് കമ്പനിയായ Alstom-ഉം ചേർന്നുള്ള സംയുക്ത സംരംഭമാണ് Madhepura Electric Locomotive Private Limited . Alstom-ന് ഇതിൽ 74 ശതമാനം ഓഹരിയുണ്ട്.
വാട്ടർലെസ് യൂറിനൽ ഘടിപ്പിച്ച ഒരു പ്രോട്ടോടൈപ്പ് ലോക്കോമോട്ടീവ് ഇതിനകം പുറത്തിറക്കിയിട്ടുണ്ടെന്നും ഏകദേശം നാല് മാസമായി ഇത് പ്രവർത്തിക്കുന്നുണ്ടെന്നും MELPL മാനേജിങ് ഡയറക്ടർ വിവേക് ഗാർഗ് വ്യക്തമാക്കി. പരീക്ഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പുതിയതായി നിർമിക്കുന്ന എല്ലാ ലോക്കോമോട്ടീവുകളിലും സംവിധാനം ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച ഇന്ത്യൻ റെയിൽവേയുമായി അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തയ്യാറാക്കിയ ലോക്കോമോട്ടീവിന്റെ ഡിസൈനിൽ ഇതിനാവശ്യമായ സ്ഥലം നീക്കിവച്ചിരുന്നെങ്കിലും വാട്ടർലെസ് യൂറിനൽ നിർബന്ധമായി സ്ഥാപിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല. പുതിയ എൻജിനുകളിൽ ഇത് ഇൻബിൽറ്റ് സംവിധാനമായി നൽകാനും ഇതിനകം പുറത്തിറക്കിയവയിൽ പിന്നീട് ഘടിപ്പിക്കാനുമാണ് ഇപ്പോഴത്തെ നീക്കം.
സൗകര്യം ഒരുക്കുന്നതോടൊപ്പം സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകുന്നുണ്ട്. ലോക്കോമോട്ടീവ് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഡ്രൈവർ നിയന്ത്രണ ഡെസ്ക് വിട്ട് യൂറിനൽ ഉപയോഗിക്കാൻ പാടില്ല. ട്രെയിൻ നിശ്ചലമായിരിക്കുമ്പോൾ മാത്രമായിരിക്കും സൗകര്യം ഉപയോഗിക്കേണ്ടത്.
ലോക്കോമോട്ടീവിൽ വാട്ടർലെസ് യൂറിനൽ ഉൾപ്പെടുത്തുന്നത് സാധാരണ വാഹനങ്ങളിൽ ടോയ്ലറ്റ് സ്ഥാപിക്കുന്നതുപോലെ ലളിതമല്ല. സുരക്ഷ, ലഭ്യമായ സ്ഥലം, ഡിസൈൻ, ജലവിതരണ സംവിധാനം തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.
മധേപുരയിൽ നിർമിക്കുന്ന 12,000 HP ഇലക്ട്രിക് ലോക്കോമോട്ടീവുകൾ ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ ചരക്ക് എൻജിനുകളാണ്. ഡെഡിക്കേറ്റഡ് Freight Corridors ഉൾപ്പെടെയുള്ള റൂട്ടുകളിൽ ഭാരമേറിയ ചരക്കുകൾ കൊണ്ടുപോകുന്നതിനായാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
ഈ ലോക്കോമോട്ടീവിന് മണിക്കൂറിൽ 120 കിലോമീറ്റർ ഡിസൈൻ വേഗതയുണ്ട്. ഏകദേശം 6,000 ടൺ ചരക്ക് വലിച്ചുകൊണ്ടുപോകാനും കഴിയും. മധേപുരയിൽ നിർമിച്ച ആദ്യ 12,000 HP ലോക്കോമോട്ടീവ് 2020 മേയ് 18നാണ് സർവീസിലെത്തിയത്. 2026 ഓഗസ്റ്റ് 15ന് 650-ാമത്തെ ലോക്കോമോട്ടീവും റെയിൽവേയ്ക്ക് കൈമാറി.
2015ലാണ് 800 ലോക്കോമോട്ടീവുകൾ നിർമിച്ച് 2028 മാർച്ചിനകം വിതരണം ചെയ്യാനുള്ള കരാർ MELPL-ന് ലഭിച്ചത്. പദ്ധതിയുടെ ആദ്യ ചെലവ് ഏകദേശം ₹28,000 കോടിയായിരുന്നെങ്കിലും പിന്നീട് അത് ₹33,000 കോടിയിലേറെയായി പുതുക്കി.
ഈ പദ്ധതിയിലൂടെ 12,000 HP ഇലക്ട്രിക് ലോക്കോമോട്ടീവുകൾ നിർമിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. വാട്ടർലെസ് യൂറിനൽ പദ്ധതി 12,000 HP എൻജിനുകളിൽ മാത്രം ഒതുങ്ങില്ല. സാങ്കേതികമായി സാധ്യമായ എല്ലാ ഇലക്ട്രിക് ലോക്കോമോട്ടീവുകളിലും ഘട്ടംഘട്ടമായി ഇത്തരം സൗകര്യങ്ങൾ നൽകാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ കണക്കുകൾ പ്രകാരം 2026 ഫെബ്രുവരി വരെ 2,800-ലധികം ലോക്കോമോട്ടീവുകളിൽ യൂറിനൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആയിരക്കണക്കിന് കിലോമീറ്ററുകൾ നീളുന്ന യാത്രകളിൽ ട്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ലോക്കോ പൈലറ്റുമാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചുള്ള നിർണായക മാറ്റമാണ് പുതിയ സംവിധാനം. വനിതാ ലോക്കോ പൈലറ്റുമാരുടെ സാന്നിധ്യം വർധിക്കുന്നതിനൊപ്പം, ലോക്കോമോട്ടീവ് കാബിനുകളിലെ തൊഴിൽ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ ശ്രമത്തിന്റെ ഭാഗമായും ഈ നീക്കം ശ്രദ്ധേയമാകുന്നു.
A long-standing issue faced by loco pilots is finally being addressed. Steps are underway to install waterless urinals in 12,000 HP locomotives.
Officials said that a prototype locomotive equipped with a waterless urinal has already been rolled out and has been operational for around four months.
