ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള പടിയിറക്കത്തോട് പ്രതികരിച്ച് ലോകമെമ്പാടുമുള്ള കായികതാരങ്ങളും ലോകനേതാക്കളും. അർജന്റീനയുടെ ദേശീയ കുപ്പായത്തിൽ അദ്ദേഹത്തിനൊപ്പം കളിച്ച സഹതാരങ്ങളാണ് വികാരനിർഭരമായ സന്ദേശങ്ങളുമായി ആദ്യം രംഗത്തെത്തിയത്. 2022-ലെ ലോകകപ്പ് വിജയത്തിൽ ഒപ്പമുണ്ടായിരുന്ന ഏഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ, പ്രതിരോധനിര താരം ക്രിസ്റ്റ്യൻ റോമേറോ എന്നിവർക്കു പുറമേ അർജന്റീനയുടെ ഔദ്യോഗിക ഫുട്ബോൾ അക്കൗണ്ടും വികാരനിർഭരമായാണ് മെസ്സിയുടെ വിരമിക്കലിനോട് പ്രതികരിച്ചത്.

ഈ ആദരവുകൾ ഫുട്ബോൾ കളിക്കളത്തിന് അപ്പുറത്തേക്കും വ്യാപിച്ചു. അർജന്റീനയുടെ പ്രസിഡന്റ് ജാവിയർ മൈലി “വളരെധികം നന്ദി, അത്ഭുത മനുഷ്യൻ” എന്ന് ലളിതമായി കുറിച്ചുകൊണ്ട് പ്രതികരിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും ഫുട്ബോൾ ഗെയിമിനെ മാറ്റിമറിക്കുകയും ചെയ്ത അവിശ്വസനീയമായ അന്താരാഷ്ട്ര കരിയറിന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ലയണൽ മെസ്സിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. മെസ്സിയുടെ ഭാര്യ ആന്റൊനേല റോക്കുസ്സോ അദ്ദേഹത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ട് വ്യക്തിപരമായ കുറിപ്പും പങ്കുവെച്ചു.
നേരത്തേ തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് 39കാരനായ മെസി അർജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയോടുള്ള വിടപറച്ചിൽ പ്രഖ്യാപിച്ചത്. ദേശീയ ടീമിൽ നിന്നുള്ള പിന്മാറ്റം തൻറെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണെന്ന് കുറിച്ച താരം അച്ഛൻറെ വേർപാടിന് ശേഷമാണ് ഈ തീരുമാനം പൂർണ്ണമായി ഉറപ്പിച്ചതെന്നും വ്യക്തമാക്കിയിരുന്നു. 2026 ലോകകപ്പ് ഫൈനലിന് രണ്ടു ദിവസത്തിന് ശേഷം ജൂലൈ 21നാണ് താൻ ഈ കുറിപ്പ് എഴുതി തയ്യാറാക്കിയതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ മെസി വ്യക്തമാക്കി. എന്നാൽ ഓഗസ്റ്റിൽ പിതാവ് ഹോർഗെ മെസിയുടെ മരണത്തോടെ തീരുമാനം ഉറപ്പിക്കുകയായിരുന്നു.
2005ൽ അന്താരാഷ്ട്ര ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച മെസി രണ്ടു പതിറ്റാണ്ടോളം നീണ്ട സമാനതകളില്ലാത്ത കരിയറിനാണ് വിരാമമിട്ടത്. അർജൻറീനയ്ക്കായി കളിച്ച 207 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ നേടി ടീമിൻറെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡോടെയാണ് താരം പടിയിറങ്ങുന്നത്. കരിയറിൻറെ തുടക്കത്തിൽ 2008-ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ സ്വർണം നേടിയ മെസി, പിന്നീട് നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് അഞജന്റീനയെ നിരവധി കിരീട നേട്ടത്തിലേക്ക് എത്തിച്ചത്.
2021-ലും 2024-ലും അർജൻറീനയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ മെസി 2022-ൽ ഫൈനലിസിമ കിരീടവും രാജ്യത്തിന് നേടിക്കൊടുത്തു. കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ഫിഫ ലോകകപ്പ് കിരീടം 2022-ൽ ഖത്തറിൽ വെച്ച് നേടിയതോടെയാണ് മെസി ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന ഖ്യാതി പൂർണ്ണമാക്കിയത്. ദേശീയ ടീം ജഴ്സി അഴിച്ചുവെച്ചെങ്കിലും താരം അമേരിക്കൻ ക്ലബ്ബായ ഇൻറർ മയാമിക്ക് വേണ്ടി തുടർന്നും കളിക്കും
Football legend Lionel Messi officially announces his retirement from international football after 207 matches and 125 goals for Argentina, drawing emotional tributes worldwide.
