കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് യഥാർഥ്യമാക്കിയത് 7,249 കിലോമീറ്ററിലധികം റോഡുകൾ. പൊതു മേഖല സ്ഥാപനമായ ക്ലീൻ കേരള കമ്പനി തയ്യാറാക്കി നൽകിയ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് ഏറ്റവുമധികം ദൂരം റോഡു നിർമിച്ചത് പൊതുമരാമത്തു വകുപ്പാണ്. ഇതിനായി 2,132.48 ടൺ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചു.

10 വർഷത്തിനിടയിൽ 4,447.93 ടൺ ഷ്രെഡഡ് പ്ലാസ്റ്റിക്കാണ് (പൊടിച്ചെടുത്ത പ്ലാസ്റ്റിക്) കമ്പനി ഉത്പാദിപ്പിച്ചത്. ഇതുവരെ 3,079 മെട്രിക് ടണ്ണിലധികം ഷ്രെഡഡ് പ്ലാസ്റ്റിക് , ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും നൽകി റോഡ് നിർമാണത്തിന് ഉപയോഗിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുപണിക്ക് 2,028.15 ടൺ ഉപയോഗിച്ചു. ദേശീയപാത നിർമാണത്തിനായി 17.08 ടണ്ണും പ്ലാസ്റ്റിക് ഉപയോഗിച്ചു കഴിഞ്ഞു.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്കരണവും പുനരുപയോഗവും യാഥാർത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2016-ലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കുന്ന സർക്കാർ പൊതുമേഖലാ സ്ഥാപനം ക്ലീൻ കേരള കമ്പനി ഷ്രെഡഡ് പ്ലാസ്റ്റിക് ഉത്പാദനം തുടങ്ങിയത്. പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ സംസ്കരിച്ച് പൊടിയാക്കി പ്രധാനമായും പ്ലാസ്റ്റിക് മിശ്രിത റോഡു നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന റോഡുകൾ തകരാതെ കൂടുതൽ കാലം നില നിൽക്കും എന്നതാണ് പ്രധാന സവിശേഷത.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ സേന, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ , മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി വഴി വിറ്റഴിച്ചതിലൂടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഹരിതകർമസേനയ്ക്ക് 40.06 കോടി രൂപ വരുമാനമായി ലഭിച്ചിട്ടുണ്ട്.
പത്തനംതിട്ട കുന്നന്താനത്ത് പ്ലാസ്റ്റിക്കിനെ ഗ്രാന്യൂളാക്കുന്ന ആദ്യ പൊതുമേഖലാ സംരംഭം ഉൾപ്പെടെയുള്ളവ കമ്പനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
Kerala has constructed more than 7,249 km of roads using shredded plastic. Over the past 10 years, the company has produced 4,447.93 tonnes of shredded plastic.So far, the Clean Kerala Company has supplied more than 3,079 metric tonnes of shredded plastic to local self-government institutions and the Public Works Department (PWD) for use in road construction.The company also operates various plastic-processing initiatives, including Kerala’s first public-sector facility for converting plastic waste into granules at Kunnamthanam in Pathanamthitta
