പ്ലഗ്-ഇൻ ഹൈബ്രിഡ് (Plug-in Hybrid) വാഹനങ്ങൾക്ക് ഇന്ത്യയിലെ ലക്ഷ്വറി കാർ വിപണിയിൽ വൻ സാധ്യതയുണ്ടെന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ. റേഞ്ച് ആശങ്കകളില്ലാതെ യാത്ര ചെയ്യാമെന്നതിനാലും മികച്ച റീസെയിൽ മൂല്യം ലഭിക്കുമെന്നതിനാലും സാധാരണ ഇവി അല്ലെങ്കിൽ ഐസിഇ മോഡലുകളേക്കാൾ അഞ്ചുമുതൽ ആറു ശതമാനം വരെ അധിക തുക നൽകാനും ഉപഭോക്താക്കൾ തയ്യാറാണെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ വ്യക്തമാക്കി.

ഇലക്ട്രിക്, പെട്രോൾ/ഡീസൽ വാഹനങ്ങളുടെ ഗുണങ്ങൾ ഒരുപോലെ നൽകുന്ന ഈ സാങ്കേതികവിദ്യ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാണ്. മെഴ്സിഡസ് മെയ്ബാക്ക് എസ്-ക്ലാസ്, ഇ53 എഎംജി എന്നീ മോഡലുകളിലൂടെ കമ്പനി ഇന്ത്യയിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് പോർട്ട്ഫോളിയോ വികസിപ്പിക്കുകയാണ്. പ്രതിദിന യാത്രകൾക്ക് നൂറ് കിലോമീറ്റർ വരെ ഇവി റേഞ്ചും ചാർജിംഗ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ കംബഷൻ എഞ്ചിൻ ഉപയോഗിക്കാനുള്ള സൗകര്യവും ഇത്തരം കാറുകൾ നൽകുന്നു. ഒക്ടോബർ അവസാനത്തോടെ ഇവയുടെ ഡെലിവറി ആരംഭിക്കുമെന്നും 2026 ജനുവരി-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ ഇവി വിൽപ്പനയിൽ 16 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Mercedes-Benz India highlights rising demand for plug-in hybrid cars, offering pure electric daily commutes with zero range anxiety.
