സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം. ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തീകരിച്ചു. ബാക്കി 20 പദ്ധതികൾ 90 % പൂർത്തിയാക്കി. ഇതിന്റെ തുടർച്ചയായി കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി ഡാഷ് ബോർഡ് സംവിധാനം സ്ഥാപിക്കും. ഇതിലൂടെ നിക്ഷേപങ്ങളുടെ പുരോഗതി അളന്ന്, പ്രശ്നപരിഹാരം വേഗത്തിലാക്കാൻ സാധിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നൂറുദിന കർമപദ്ധതിയുടെ തുടർച്ചയായി ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ ജനസ്പർശം ഫയൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

നൂറുദിന കർമ പദ്ധതി ചെലുത്തിയ സ്വാധീനം സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. കേരളത്തിൽ ആദ്യമായി നൂറുദിന കർമപദ്ധതിയുടെ സുതാര്യമായ പൊതുപരിശോധനയ്ക്കായി പോർട്ടൽ സ്ഥാപിച്ചു കഴിഞ്ഞു . ഡാറ്റാധിഷ്ഠിത ഭരണനിർവഹണം എന്ന സർക്കാർ വാഗ്ദാനത്തിന്റെ തുടക്കമാണ് ഈ പോർട്ടൽ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കും.
ജനസ്പർശം എന്ന ഫയൽ അദാലത്തിലൂടെ വിവിധ വകുപ്പുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ച് തീർപ്പാക്കും. ഫയലുകൾ തീർപ്പാക്കുന്നതിനൊപ്പം, കാലങ്ങളായി കെട്ടിക്കിടക്കുന്നതിന്റെ കാരണം പഠിച്ച് ഫയൽ നീക്കത്തിനുള്ള സംവിധാനം പുനരാവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചതായും, വൻകിട പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാരിന് വലിയ ആത്മവിശ്വാസം പകരുന്നതാണ് നൂറുദിന കർമപദ്ധതിയുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിപ്പാർട്ട്മെന്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു . ബിൽ ഒക്ടോബർ 12ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. മുതിർന്ന പൗരർക്ക് നിയമപരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ലോകത്ത് ആദ്യമായി മുതിർന്ന പൗരർക്കായി ഒരു സർക്കാർ വകുപ്പ് സ്ഥാപിച്ചത് കേരളമാണ്. മുതിർന്ന പൗരരുടെ കരുതലിന് രാജ്യത്തിനും ലോകത്തിനും പ്രചോദനമാകുന്ന മാതൃക സൃഷ്ടിക്കും. കേരളത്തിലെ മുതിർന്ന പൗരരെ സംബന്ധിച്ച് കണക്കെടുക്കുന്നതിനായി സർവേ ആരംഭിച്ചു. കരുതൽ വേണ്ടവരുടെ കണക്കെടുത്ത് തുടർനടപടി സ്വീകരിക്കും.
The Kerala government will introduce a dashboard system to attract investments to the state. The system will help monitor the progress of investments, identify challenges, and accelerate problem resolution.As a continuation of the 100-Day Action Plan, the government will organise ‘Janasparsham’ File Adalats from October 15 to December 31 to address pending files and expedite their resolution.For the first time in Kerala, a dedicated portal has been established to facilitate transparent public monitoring of the 100-Day Action Plan. This portal marks the beginning of the government’s commitment to data-driven governance.The government aims to leverage technology to make administration more efficient, transparent, and accountable.
