അടുത്ത ഒരു പതിറ്റാണ്ടിൽ ഇന്ത്യയിൽ പുതുതായി ഇറങ്ങുന്ന 10 വിമാനങ്ങളിൽ ഒമ്പതിലും ജിഇ (GE) അല്ലെങ്കിൽ അവരുടെ പങ്കാളിത്ത കമ്പനികൾ നിർമ്മിച്ച എഞ്ചിനുകളായിരിക്കും ഉപയോഗിക്കുകയെന്ന് ജിഇ എയറോസ്പേസ് സൗത്ത് ഏഷ്യ സിഇഒ വിക്രം റായ് വ്യക്തമാക്കി. നിലവിൽ 1,400-ലധികം ജിഇ എഞ്ചിനുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നുണ്ടെന്നും അടുത്ത 9-10 വർഷത്തിനുള്ളിൽ 3,400-ലധികം പുതിയ എഞ്ചിനുകൾ കൂടി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക സപ്ലൈ ചെയിൻ വികസനത്തിനായി 2025-ൽ ഏകദേശം 200 മില്യൺ ഡോളർ ചെലവഴിച്ച കമ്പനി, 2030-ഓടെ ഈ നിക്ഷേപം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു. ബെംഗളൂരുവിലെ ഗവേഷണ കേന്ദ്രവും പൂനെയിലെ ഉൽപ്പാദന യൂണിറ്റുമടക്കം ഇന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള ജിഇ, നിലവിൽ 2,700-ലധികം ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്.
വരും വർഷങ്ങളിൽ ആയിരക്കണക്കിന് പുതിയ എഞ്ചിനുകൾ എത്തുന്നതോടെ രാജ്യത്തെ എംആർഒ (MRO – സർവീസിംഗ്) മേഖലയിൽ 5.5 ബില്യൺ ഡോളറിന്റെ ബിസിനസ് സാധ്യതകൾ തുറക്കപ്പെടുമെന്ന് കമ്പനിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നാഗ്പൂരിൽ എയർ ഇന്ത്യയുടെ എംആർഒ കേന്ദ്രം സ്ഥാപിക്കുന്നതിലും ഇന്ത്യയുടെ പ്രതിരോധ വ്യോമയാന മേഖല ശക്തമാക്കുന്നതിലും ജിഇ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
GE Aerospace South Asia CEO Vikram Rai states that 90% of new aircraft arriving in India over the next decade will be powered by GE or partner engines.
