സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’, ‘ജയിലർ 2’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ബാലതാരം റിത്വിക് ജ്യോതിരാജ് തന്റെ സംരംഭക അനുഭവങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോയമ്പത്തൂർ സ്വദേശിയായ പതിമൂന്നുകാരൻ റിത്വിക്, കൂട്ടുകാരുമൊത്തുള്ള വീഡിയോ കോളുകൾക്കിടയിലെ ബോറടി മാറ്റാനാണ് സുഹൃത്തുക്കളുമായി ചേർന്ന് ഒരു കമ്പനി തുടങ്ങിയതെന്ന് അഭിമുഖത്തിൽ വെളിപ്പെടുത്തി.

തങ്ങൾക്ക് പൈത്തൺ (Python) പോലുള്ള കോഡിങ് അറിയാമെന്നും, വെബ്സൈറ്റ് നിർമ്മാണത്തിലൂടെയാണ് തുടക്കമിട്ടതെന്നും കുട്ടി താരം വ്യക്തമാക്കി. വെബ്സൈറ്റിലൂടെ വിവിധ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനൊപ്പം കോഴ്സുകളും നൽകുന്നുണ്ടെന്നും, നിലവിൽ പത്ത് പേരുടെ സംഘമാണ് കമ്പനിക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും റിത്വിക് കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്ന് ഓൺലൈൻ വീഡിയോകളിലൂടെ അഭിനയരംഗത്തെത്തിയ റിത്വിക്, സർദാർ, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ’ സിനിമയിലെ പ്രകടനത്തിലൂടെയാണ് താരം കൂടുതൽ പ്രശസ്തനായത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജയിലർ 2’ ഒക്ടോബർ 15-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അഭിനയത്തോടൊപ്പം സാങ്കേതിക വിദ്യയിലും കോഡിങ്ങിലും റോബോട്ടിക്സിലുമുള്ള താരത്തിന്റെ താല്പര്യവും സംരംഭകത്വവും സിനിമാലോകത്തും ആരാധകർക്കിടയിലും കൗതുകമുണർത്തിയിരിക്കുകയാണ്.
