2028-ലെ വനിതാ ട്വന്റി-20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും സ്വന്തം രാജ്യത്ത് നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശ്രമം ആരംഭിച്ചു. അതേസമയം, ഇരുരാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ഇന്ത്യയുടെ മത്സരങ്ങൾക്ക് യു.എ.ഇ വേദി ആയേക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 7 മുതൽ ഒക്ടോബർ 1 വരെയാണ് 12 ടീമുകൾ മാറ്റുരയ്ക്കുന്ന ഐ.സി.സി ടൂർണമെന്റ് നിശ്ചയിച്ചിരിക്കുന്നത്. 2025-ലെ ചാമ്പ്യൻസ് ട്രോഫി മാതൃകയിൽ ഹൈബ്രിഡ് മോഡൽ നടപ്പിലാക്കാനാണ് പാകിസ്ഥാന്റെ നീക്കം.

ഇന്ത്യൻ ടീം ഉൾപ്പെടാത്ത ഗ്രൂപ്പ് മത്സരങ്ങളും നോക്കൗട്ട് മത്സരങ്ങളും പാകിസ്ഥാനിൽ നടത്താനാണ് ലക്ഷ്യമിടുന്നത്. പാകിസ്ഥാനിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ സൗകര്യവും കുറഞ്ഞ ചെലവും കണക്കിലെടുത്താണ് ഇന്ത്യയുടെ മത്സരങ്ങൾക്ക് യു.എ.ഇയെ പരിഗണിക്കുന്നത്. ഇന്ത്യ നോക്കൗട്ട് ഘട്ടത്തിൽ എത്തിയില്ലെങ്കിൽ ഫൈനൽ ലാഹോറിൽ നടത്താനും ആലോചിക്കുന്നുണ്ട്. ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാന് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്നും രാജ്യത്തെ വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഇത് സഹായകരമാകുമെന്നും പി.സി.ബി വൃത്തങ്ങൾ വ്യക്തമാക്കി.
Pakistan Cricket Board plans to host all matches of the 2028 Women’s T20 World Cup in Pakistan, with India’s matches potentially held in the UAE under a hybrid model due to political tensions.
