ആപ്പിളിന്റെ എൻജിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റായി (VP of Engineering) ഇന്ത്യൻ വംശജൻ രാജേഷ് അംബാട്ടി നിയമിതനായി. ആപ്പിളിലെ 18 വർഷത്തോളം നീണ്ട സേവനത്തിനും രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ടെക് കരിയറിനും ഒടുവിലാണ് രാജേഷ് അംബാട്ടി ഈ പദവിയിലെത്തുന്നത്. മോട്ടറോളയിൽ തുടങ്ങി ആപ്പിളിന്റെ വൈസ് പ്രസിഡന്റ് പദവി വരെയെത്തിയ അദ്ദേഹത്തിന്റെ വിജയയാത്ര അന്താരാഷ്ട്ര ടെക് ലോകത്ത് വലിയ ശ്രദ്ധ നേടുന്നു.

സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ ആന്റ് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം നേടിയ രാജേഷ് അംബാട്ടി, സ്റ്റാൻഫോർഡ് ബിസിനസ് സ്കൂളിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡാറ്റ സയൻസ് തുടങ്ങിയ മേഖലകളിലും റട്ഗേഴ്സ് ബിസിനസ് സ്കൂളിൽ നിന്ന് മാനേജ്മെന്റ് സ്ട്രാറ്റജിയിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. 2003-ൽ മോട്ടറോളയിൽ എൻജിനീയറിങ് മാനേജറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 2009 ഒക്ടോബറിൽ സീനിയർ സോഫ്റ്റ്വെയർ എൻജിനീയറിങ് മാനേജറായി ആപ്പിളിൽ ചേർന്ന അദ്ദേഹം പടിപടിയായാണ് കമ്പനിയുടെ നേതൃനിരയിലേക്ക് ഉയർന്നത്.
2014-ൽ സോഫ്റ്റ്വെയർ എൻജിനീയറിങ് ഡയറക്ടറായും 2019-ൽ സീനിയർ ഡയറക്ടറായും അദ്ദേഹം പ്രൊമോഷൻ നേടി. ആപ്പിളിന്റെ ജനപ്രിയ ഉൽപ്പന്നങ്ങളായ ഐഫോൺ, ഐപാഡ് എന്നിവയുടെ സെല്ലുലാർ കണക്റ്റിവിറ്റി, വയർലെസ് സാങ്കേതികവിദ്യ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് തുടങ്ങിയ പ്രധാന ഫീച്ചറുകൾ വികസിപ്പിക്കുന്നതിലും അവയുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിലും രാജേഷ് അംബാട്ടിയുടെ നേതൃത്വം നിർണായകമായിരുന്നു. ദീർഘകാലത്തെ അനുഭവസമ്പത്തും സാങ്കേതിക മികവുമാണ് അദ്ദേഹത്തെ ആപ്പിളിന്റെ എൻജിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റ് പദവിയിലേക്ക് നയിച്ചത്.
Indian-origin Rajesh Ambati has been promoted to Vice President of Engineering at Apple after an 18-year tenure, overseeing iPhone cellular and wireless tech.



