ദേശീയപാത വികസന പദ്ധതികളിൽ വൻ മാറ്റവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ഇനി നിർമ്മിക്കുന്നതും നിർമ്മാണം ആരംഭിക്കാനിരിക്കുന്നതുമായ എല്ലാ ദേശീയപാത പദ്ധതികളിലും തടസ്സമില്ലാത്ത മൾട്ടി-ലൈൻ ഫ്രീ-ഫ്ലോ (Multi-Lane Free-Flow – MLFF) ടോളിങ് സംവിധാനം നിർബന്ധമാക്കി. ഇതോടെ ടോൾ പ്ലാസ നിർമ്മാണത്തിനായി അധിക ഭൂമി ഏറ്റെടുക്കേണ്ട ആവശ്യം വരില്ല. ടോൾ പ്ലാസകളിലെ ബൂത്തുകളുടെ എണ്ണം പരമാവധി 8 വരികളായി പരിമിതപ്പെടുത്താനും അതോറിറ്റി പുതിയ രൂപരേഖ പുറപ്പെടുവിച്ചു.

നിലവിൽ പല 6, 8 ലൈൻ ദേശീയപാതകളിലും വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാനായി 20 മുതൽ 32 വരെ ടോൾ ലൈനുകൾ നിർമ്മിക്കാറുണ്ട്. ഇതിനായി വലിയ തോതിൽ ഭൂമിയെടുപ്പ് ആവശ്യമായി വന്നിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ റോഡിന് മുകളിലായി സ്ഥാപിക്കുന്ന ഗാന്ട്രികളിൽ (Overhead Gantries) അത്യാധുനിക RFID റീഡറുകളും ANPR ക്യാമറകളും ഘടിപ്പിച്ച്, വാഹനം നിർത്താതെ തന്നെ FASTag വഴി ടോൾ തുക സ്വയം ഈടാക്കും. ഓരോ ലൈനിലൂടെയും മണിക്കൂറിൽ 600-ഓളം വാഹനങ്ങളെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകും. ഇതുവഴി ടോൾ ബൂത്തുകളിലെ നീണ്ട വരി ഒഴിവാകുന്നതിനൊപ്പം സർക്കാരിന് നിർമ്മാണച്ചെലവിലും വലിയ ലാഭമുണ്ടാകും.
NHAI has made Multi-Lane Free-Flow (MLFF) tolling mandatory for all future highway projects, eliminating traditional toll booths and reducing land acquisition needs.
