അടുത്ത 3-4 വർഷത്തിനുള്ളിൽ വന്ദേ ഭാരത് ട്രെയിനുകൾ അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യ പദ്ധതിയിടുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സ്വദേശീയമായി നിർമ്മിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ ഓരോ പുതിയ പതിപ്പിലും സാങ്കേതിക മുന്നേറ്റങ്ങളും നിർമ്മാണ മികവും വരുത്തുന്നുണ്ടെന്നും, വൈകാതെ തന്നെ മുഴുവൻ ട്രെയിൻ സെറ്റുകളും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഒരുങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സ്വിറ്റ്സർലൻഡ്, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രൊപ്പൽഷൻ സിസ്റ്റങ്ങളും ബോഗികളും ഉൾപ്പെടെയുള്ള റെയിൽവേ സാങ്കേതിക ഘടകങ്ങൾ ഇന്ത്യ നിലവിൽ തന്നെ കയറ്റുമതി ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര റെയിൽവേ ശൃംഖലകൾക്ക് അനുയോജ്യമായ സ്റ്റാൻഡേർഡ് ഗേജ് പതിപ്പുകൾ വികസിപ്പിക്കാനായി റൈറ്റ്സ് (RITES Ltd) റെയിൽവേയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്.
ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് റെയിൽവേ മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. 1,118 കിലോമീറ്റർ ദൂരം 16 മണിക്കൂർ കൊണ്ട് പിന്നിടുന്ന ഈ ട്രെയിൻ സർവീസ് ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയത്തിൽ എട്ട് മണിക്കൂറോളം കുറവ് വരുത്തും. ഫസ്റ്റ് എസി, എസി ടു-ടയർ, എസി ത്രീ-ടയർ വിഭാഗങ്ങളിലായി 16 കോച്ചുകളും 823 ബെർത്തുകളുമുള്ള പൂർണ്ണമായും എസി സ്ലീപ്പർ ട്രെയിനാണിത്. ആഴ്ചയിൽ ആറ് ദിവസമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
Indian Railways plans to export indigenously built Vande Bharat train sets to international markets within 3 to 4 years, Union Minister Ashwini Vaishnaw announces.

