ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി കുറയ്ക്കുന്നതിനായി ഗാർഹിക റൂഫ്ടോപ്പ് സോളാർ അഥവാ വീടുകളിലെ സൗരോർജ്ജ സംവിധാനങ്ങൾ കൂടുതൽ മേഖലകളിൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പാചക ആവശ്യങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങളുടെ (EV) ചാർജിങ്ങിനുമായി സോളാർ ഊർജ്ജം ഉപയോഗിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ന്യൂഡൽഹിയിൽ നടന്ന ‘ഭാരത് റിന്യൂവബിൾ എനർജി (BRE) സമ്മിറ്റ് 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാമ്പത്തിക ഭദ്രതയും ഊർജ്ജ ഭദ്രതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലക്ഷ്യമിട്ട സമയത്തിനും അഞ്ച് വർഷം മുമ്പ് തന്നെ ഇന്ത്യ 500 ഗിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിച്ചതായും വ്യക്തമാക്കി.

പി.എം സൂര്യ ഘർ പദ്ധതിയിലൂടെ ഇതുവരെ 65 ലക്ഷത്തിലധികം കുടുംബങ്ങൾ സൗരോർജ്ജത്തിലേക്ക് മാറിയതായും ഇത് വൈദ്യുതി ബില്ലിൽ 76 ശതമാനം വരെ കുറവു വരുത്തിയതായും മോദി കൂട്ടിച്ചേർത്തു. പി.എം-കുസുമം പദ്ധതി വഴി 30 ലക്ഷം കർഷകർക്ക് സോളാർ പമ്പുകളുടെ ആനുകൂല്യം ലഭിച്ചു. വീടുകൾക്ക് പുറമെ സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ പ്രതിവർഷം 700 കോടി രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്. സോളാർ പവർ ഉപയോഗിച്ച് എല്ലാ ഊർജ്ജ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്ന പുതിയ മാതൃകകളും ഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകളോടും ഐ.ഐ.ടി-കളോടും ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു
Prime Minister Narendra Modi urges the use of rooftop solar energy for cooking and EV charging to reduce energy imports and promote sustainability. Read details from BRE Summit 2026.
