22,000 നോട്ടിക്കൽ മൈലിലധികം ദൂരം താണ്ടി പത്ത് മാസം നീണ്ട സമുദ്ര പര്യടനത്തിനൊടുവിൽ ഇന്ത്യൻ നാവികസേനയുടെ പായ്ക്കപ്പലായ ഐ.എൻ.എസ് സുദർശിനി കൊച്ചിയിൽ തിരിച്ചെത്തി. നവംബർ 2-ന് കൊച്ചിയിലെത്തിയ കപ്പലിന് വാട്ടർ കാനൻ സല്യൂട്ടും നാവികസേനയുടെ ബാന്റ് വാദ്യത്തിന്റെയും അകമ്പടിയോടെയാണ് ഔദ്യോഗിക സ്വീകരണം നൽകിയത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി 11 രാജ്യങ്ങളിലെ 17 തുറമുഖങ്ങൾ സന്ദർശിച്ചാണ് കപ്പൽ ഈ ചരിത്രനേട്ടം കൈവരിച്ചത്.

ഈ വർഷം ജനുവരി 20-ന് കൊച്ചിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത ‘ലോകായൻ-26’ ദൗത്യം, ഫ്രാൻസിലെ എസ്കെയ്ൽ എ സെറ്റ് സമുദ്രോത്സവത്തിലും അമേരിക്കയിലെ സെയിൽ 250 (SAIL 250) ആഘോഷങ്ങളിലും പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് 18 ദിവസത്തിനുള്ളിൽ 2,200 നോട്ടിക്കൽ മൈൽ പായ്ക്കപ്പലിൽ മാത്രം സഞ്ചരിച്ചതായിരുന്നു ദൗത്യത്തിലെ ഏറ്റവും വലിയ നേട്ടം.
മൊറോക്കോ, പോർച്ചുഗൽ, ഇറ്റലി, ഈജിപ്ത്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ നാവികസേനകളുമായി സംയുക്ത പരിശീലനങ്ങളിലും പ്രൊഫഷണൽ ഇടപെടലുകളിലും കപ്പൽ പങ്കാളിയായി. ഇന്ത്യയുടെ ‘മഹാസഗർ’ (MAHASAGAR) കാഴ്ചപ്പാടും ‘വസുധൈവ കുടുംബകം’ സന്ദേശവും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയ ഈ ദൗത്യം, യുവ ഓഫീസർമാർക്ക് സമുദ്ര നാവിഗേഷനിലും കപ്പൽ പ്രവർത്തനങ്ങളിലും മികച്ച പ്രായോഗിക പരിശീലനമാണ് നൽകിയത്.
Indian Navy sail training ship INS Sudarshini completes the 10-month Lokayan 26 voyage covering 22,000 nautical miles and returns to Kochi Naval Base.

