ചൈനയുടെ അധിനിവേശ നീക്കങ്ങളും ദക്ഷിണ ചൈനാ കടലിലെ വെല്ലുവിളികളും ശക്തമാകുന്നതിനിടെ, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവൽ വിയറ്റ്നാമിൽ ഉന്നതതല ചർച്ചകൾ നടത്തി. വിയറ്റ്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ഗിയാങ്, പബ്ലിക് സെക്യൂരിറ്റി മന്ത്രി ജനറൽ ലുവോങ് താം ക്വാങ് എന്നിവരുമായി ഹനോയിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ തന്ത്രപ്രധാന സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി തത്സമയ രഹസ്യാന്വേഷണ വിവരങ്ങൾ (Real-time intelligence) കൈമാറുന്നതിനും രഹസ്യവിവരങ്ങൾ പരസ്പരം സംരക്ഷിക്കുന്നതിനുള്ള കരാറിലെത്തുന്നതിനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ (Act East) നയത്തിലും ഇൻഡോ-പസഫിക് നയതന്ത്രത്തിലും സുപ്രധാന പങ്കാളിയായ വിയറ്റ്നാമുമായി പ്രതിരോധ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നത് ചൈനയ്ക്കുള്ള ശക്തമായ മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. വിയറ്റ്നാമിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ നൽകുന്നതിനുള്ള കരാറും ഐ.എൻ.എസ് കിർപാൺ പോർക്കപ്പൽ സമ്മാനിച്ചതും മുൻപ് വലിയ ശ്രദ്ധ നേടിയിരുന്നു. സൈബർ സുരക്ഷ, നിർമ്മിത ബുദ്ധി (AI), ഭീകരവിരുദ്ധ പോരാട്ടങ്ങൾ എന്നിവയിൽ സംയുക്ത സഹകരണം ഉറപ്പാക്കാനും ഡോവലിന്റെ സന്ദർശനത്തിൽ ധാരണയായി.
NSA Ajit Doval visits Vietnam for strategic security talks. Focus on real-time intelligence sharing, BrahMos deal, and Indo-Pacific maritime security cooperation.
