ഇന്ത്യൻ സമുദ്ര സുരക്ഷയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പ്രതിരോധ നിർമ്മാണ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ (L&T). സമുദ്രത്തിനടിയിൽ മനുഷ്യ സഹായമില്ലാതെ ദീർഘകാലം ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ള ‘എക്സ്ട്രാ ലാർജ് അൺക്രൂഡ് അണ്ടർസീ വെഹിക്കിൾ’ (XLUUV) വികസിപ്പിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. എഐയും സങ്കീർണ്ണമായ ഓട്ടോണമി സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഭീമൻ അണ്ടർവാട്ടർ ഡ്രോണിന് മനുഷ്യരുടെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ തന്ത്രപ്രധാനമായ ദൗത്യങ്ങൾ പൂർത്തിയാക്കാൻ കഴിയും.

ആഴക്കടലിലൂടെയുള്ള ദീർഘദൂര യാത്രകൾ, കടലിന്റെ അടിത്തട്ടിൽ നിലയുറപ്പിച്ചുള്ള നിരീക്ഷണം, ഇന്റലിജൻസ് ശേഖരണം തുടങ്ങിയ അതിനിർണായക പ്രതിരോധ ദൗത്യങ്ങൾ നിർവഹിക്കാൻ XLUUV-ന് സാധിക്കും. ഇതിനായുള്ള സോഫ്റ്റ്വെയർ, റഡാർ, ബാറ്ററി, പ്രൊപ്പൽഷൻ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയുടെ പ്രാഥമിക ജോലികൾ L&T ആരംഭിച്ചുകഴിഞ്ഞു. ആവശ്യാനുസരണം സെൻസറുകളും മിഷൻ മൊഡ്യൂളുകളും മാറ്റാൻ കഴിയുന്ന ‘മോഡുലാർ പേലോഡ്’ സംവിധാനവും, ദീർഘനേരം സമുദ്രത്തിൽ തുടരാൻ സഹായിക്കുന്ന ഹൈബ്രിഡ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുമാണ് ഇതിൽ ഉൾപ്പെടുത്തുന്നത്.
പ്രോജക്റ്റ് വികസനത്തിന്റെ ഭാഗമായി സംവിധാനങ്ങളും ഉപസംവിധാനങ്ങളും നിർമ്മിച്ച് നൽകുന്നതിനായി രാജ്യത്തെ വിവിധ സ്വകാര്യ കമ്പനികളുമായി L&T ചർച്ചകൾ നടത്തിവരികയാണ്. നിലവിൽ പ്രാഥമിക രൂപകൽപനാ ഘട്ടത്തിലുള്ള ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും വർഷങ്ങളിൽ ഇന്ത്യൻ നാവികസേനയുടെ ആവശ്യാനുസരണം പൂർണ്ണ രൂപത്തിലെത്തും. ഇന്ത്യൻ നാവികസേനയുടെ പ്രൊജക്റ്റ്-76 ഡീസൽ അന്തർവാഹിനി പദ്ധതിയിലും ‘SOV-400’ മിഡ്ജറ്റ് സബ്മറൈൻ രൂപകൽപ്പനയിലും പങ്കാളികളായ L&T-ക്ക്, ഈ പുതിയ ഭീമൻ അണ്ടർവാട്ടർ ഡ്രോണിന്റെ വികസനം പ്രതിരോധ കയറ്റുമതി മേഖലയിലും വലിയ നേട്ടമായി മാറും.
Larsen & Toubro is developing an Extra-Large Uncrewed Undersea Vehicle (XLUUV) with AI integration to boost the Indian Navy’s underwater defense capabilities.
