കൊച്ചി നഗരത്തിലെയും ദേശീയപാത 66-ലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഇടപ്പള്ളി-വൈറ്റില-അരൂർ 16 കിലോമീറ്റർ ബൈപ്പാസിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനുള്ള ഡിപിആർ (DPR) നിർമ്മാണം പുനരാരംഭിക്കണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റി (NHAI) ചെയർമാൻ സന്തോഷ് കുമാർ യാദവുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് എംപി ഈ വിഷയം ഉന്നയിച്ചത്. റോഡിന്റെ അലൈൻമെന്റ്, ഡിസൈൻ, നിർമ്മാണച്ചെലവ് എന്നിവ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചെയർമാന് നിവേദനവും നൽകി.

സംസ്ഥാനത്തെ മറ്റിടങ്ങളിൽ എൻഎച്ച് 66 ആറുവരിപ്പാതയായി വികസിക്കുമ്പോൾ, ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന ഇടപ്പള്ളി-അരൂർ ഭാഗം കുപ്പിക്കഴുത്തായി മാറാൻ സാധ്യതയുണ്ടെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. നിർദ്ദിഷ്ട കൊച്ചി ഔട്ടർ റിംഗ് റോഡ് (ORR) പദ്ധതി വന്നാലും അത് ഇടപ്പള്ളി-അരൂർ ബൈപ്പാസിന് പകരമാവില്ല. നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളുടെ വലിയ തിരക്ക് കണക്കിലെടുത്ത് രണ്ട് പദ്ധതികളും പരസ്പരപൂരകമായി നടപ്പിലാക്കണമെന്നും പദ്ധതി കൊച്ചിക്കും സംസ്ഥാനത്തിനും ഒരുപോലെ ഉപകാരപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി
Hibi Eden MP urges NHAI Chairman to resume DPR preparation for the 16 km Edappally-Aroor elevated highway project to solve Kochi’s traffic bottlenecks.

