ആഡംബര വാഹന വിപണിയിൽ പ്രാദേശിക ഉൽപ്പാദനം ശക്തമാക്കുന്നതിനായി പൂനെ ഫാക്ടറിയിൽ 200 കോടി രൂപയുടെ പുതിയ നിക്ഷേപവുമായി മെഴ്സിഡേഴ്സ് ബെൻസ് ഇന്ത്യ. ഘടകങ്ങളുടെ തദ്ദേശീയ നിർമ്മാണം ഉയർത്തുന്നതിനും പുതിയ സാങ്കേതികവിദ്യകൾ ഇന്ത്യയിൽ തന്നെ വികസിപ്പിക്കുന്നതിനുമാണ് തുക വിനിയോഗിക്കുക. പുതിയ തുക കൂടി എത്തിയതോടെ മെഴ്സിഡേഴ്സ് ബെൻസിന് ഇന്ത്യയിലുള്ള ആകെ നിക്ഷേപം 3,200 കോടി രൂപയായി ഉയർന്നു.

പുതിയ ഇലക്ട്രിക് ജിഎൽസിക്ക് വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വാഹനങ്ങളുടെ തദ്ദേശീയവൽക്കരണം വർദ്ധിപ്പിക്കുന്നതിലൂടെ നിർമ്മാണച്ചെലവ് കുറയ്ക്കാനും ഗുണനിലവാരം ഉറപ്പാക്കി തടസ്സമില്ലാതെ വിതരണം നടത്താനും സാധിക്കുമെന്ന് മെഴ്സിഡേഴ്സ് ബെൻസ് ഇന്ത്യ സിഇഒ സന്തോഷ് അയ്യർ വ്യക്തമാക്കി. ഉൽപ്പാദന ശേഷിയും ഇന്ത്യൻ വിതരണ ശൃംഖലയും ശക്തമാക്കുന്നതിലൂടെ വാഹനം വിപണിയിലെത്തിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Mercedes-Benz India announces a ₹200 crore investment at its Pune plant to enhance local manufacturing and production capacity for models like the Electric GLC.

