പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ ചേർക്കുന്നത് വാഹനങ്ങളുടെ എൻജിൻ തകരാറിലാക്കുന്നുവെന്ന ഉപഭോക്താക്കളുടെ വ്യാപക പരാതിയെ തുടർന്ന് കർണാടക സർക്കാർ നടപടി കടുപ്പിച്ചു. സംസ്ഥാനത്തെ 67 പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പെട്രോൾ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബെംഗളൂരുവിൽ പറഞ്ഞു. പെട്രോൾ പമ്പുകളിൽ മാത്രമല്ല, എഥനോൾ ബ്ലെൻഡിംഗ് നടക്കുന്ന കേന്ദ്രങ്ങളിലും വിതരണ ശൃംഖലകളിലും പരിശോധന നടത്തി രേഖകൾ ശേഖരിച്ചിട്ടുണ്ട്. നിർദ്ദിഷ്ട ഇ20 (E20) പെട്രോളിൽ 31.5 ശതമാനം വരെ എഥനോൾ കലർത്തുന്നതായി കണ്ടെത്തിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാറിന്റെ ഈ അടിയന്തര ഇടപെടൽ.

കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന എഥനോൾ ഉയർന്ന അളവിൽ കലർത്തി ലാഭം കൊയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം പെട്ടെന്ന് വഴിയിൽ നിലച്ചുപോവുക, മൈലേജ് കുത്തനെ കുറയുക തുടങ്ങിയ പ്രശ്നങ്ങളാണ് വാഹന ഉടമകൾ ഉന്നയിക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാരിന് പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാനം കേന്ദ്രത്തിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. വിശദമായ പരിശോധനാ റിപ്പോർട്ടും തുടർനടപടികളും ഔദ്യോഗികമായി പുറത്തുവിടുമെന്ന് അറിയിച്ച അദ്ദേഹം, ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തിൽ ബി.ജെ.പി – ജെ.ഡി.എസ് നേതാക്കൾ പുലർത്തുന്ന മൗനത്തെയും വിമർശിച്ചു.
Karnataka tests petrol samples from 67 locations after complaints of excess ethanol blending, reduced mileage and vehicle engine problems.
