ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അനായാസത കൊണ്ടും ആത്മവിശ്വാസം കൊണ്ടും സോഷ്യൽ മീഡിയയുടെ മനംകവർന്ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള വയോധികനായ ഓട്ടോ ഡ്രൈവർ. ‘യാദവ് ചാച്ച’ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഇദ്ദേഹം, ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെയും അന്താരാഷ്ട്ര തലത്തിൽ അത് ആശയവിനിമയത്തിന് ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.

“ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ… നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാമെങ്കിൽ ലണ്ടനിലും പാരിസിലും അമേരിക്കയിലുമൊക്കെ പോകാം, അറിഞ്ഞുകൂടെങ്കിൽ പോകാൻ കഴിയില്ല” എന്ന് ഓട്ടോയിലിരുന്ന് ഇംഗ്ലീഷിൽ സംസാരിക്കുന്ന വയോധികന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ലണ്ടനിലെ ഒരു ഹോട്ടലിൽ പോയാൽ മറാത്തിയിൽ വെള്ളം ചോദിച്ചാൽ മനസ്സിലാകില്ലെന്നും എന്നാൽ ഇംഗ്ലീഷിൽ സംസാരിച്ചാൽ കാര്യം നടക്കുമെന്നും ഉദാഹരണ സഹിതം ഇദ്ദേഹം വ്യക്തമാക്കുന്നു. ഭാഷാ പരിജ്ഞാനം കേവലം ബിരുദങ്ങൾക്കോ കോർപ്പറേറ്റ് ഓഫീസുകൾക്കോ മാത്രം അവകാശപ്പെട്ടതല്ലെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പതർച്ചയില്ലാത്ത ഇംഗ്ലീഷ് സംസാരം.
ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ നേരിട്ട യാദവ് ചാച്ച കഠിനാധ്വാനിയും ദയാലുവും സൗഹൃദമനോഭാവമുള്ള ആളുമാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. 16 വർഷം സ്കൂളിൽ പഠിച്ച തങ്ങളേക്കാൾ നന്നായി അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും, സംസാര ശൈലി മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും നെറ്റിസൺസ് അഭിപ്രായപ്പെടുന്നു. ആത്മവിശ്വാസം നിറഞ്ഞ അദ്ദേഹത്തിന്റെ ചിരിയും വശ്യമായ പെരുമാറ്റവും നെറ്റിസൺസിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ്.
An elderly auto driver from Amravati, known as Yadav Chacha, goes viral for his confident English speech and message on language skills.
