നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ തമിഴ്നാട്ടിൽ 1,370 കോടി രൂപയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് പ്രമുഖ ദക്ഷിണ കൊറിയൻ ഓട്ടോമോട്ടീവ് ഘടക നിർമ്മാണ കമ്പനികൾ. ഹ്വാഷിൻ ഓട്ടോമോട്ടീവ് ഇന്ത്യ (Hwashin), സിയോയോൺ ഇ-ഹ്വ സമ്മിറ്റ് ഓട്ടോമോട്ടീവ് ഇന്ത്യ (Seoyon E-Hwa) എന്നീ കമ്പനികളാണ് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തനയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിക്ഷേപ താൽപ്പര്യപത്രം കൈമാറിയത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗവേഷണ-വികസന പ്രവർത്തനങ്ങൾ, ആധുനിക നിർമ്മാണ സാങ്കേതികവിദ്യകൾ, ശേഷി വർധിപ്പിക്കൽ എന്നിവയ്ക്കായി 850 കോടി രൂപ നിക്ഷേപിക്കാനാണ് ഹ്വാഷിൻ ഓട്ടോമോട്ടീവ് ലക്ഷ്യമിടുന്നത്. 2002 മുതൽ ഇരുങ്കാട്ടുകോട്ടൈയിലെ സിപ്കോട്ട് (SIPCOT) ഇൻഡസ്ട്രിയൽ പാർക്കിലാണ് കമ്പനി പ്രവർത്തിക്കുന്നത്. സാങ്കേതികവിദ്യാ നവീകരണത്തിനും ബിസിനസ് വിപുലീകരണത്തിനുമായി 520 കോടി രൂപയുടെ നിക്ഷേപമാണ് സിയോയോൺ ഇ-ഹ്വ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വാഹന നിർമ്മാതാക്കൾക്ക് ഘടകങ്ങൾ വിതരണം ചെയ്യുന്ന പ്രധാന സ്ഥാപനങ്ങളാണിവ.
ടി.വി.കെ (TVK) സർക്കാരിന്റെ ‘ഇൻവെസ്റ്റ്മെന്റ് കൺവേർഷൻ കോൺക്ലേവിൽ’ ഇതുസംബന്ധിച്ച ഔദ്യോഗിക ധാരണാപത്രം ഒപ്പുവെക്കും. ദക്ഷിണ കൊറിയൻ കമ്പനികൾ തമിഴ്നാട് വിട്ട് ആന്ധ്രയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് പുതിയ പ്രഖ്യാപനം. ആഗോള നിർമ്മാതാക്കൾക്ക് തമിഴ്നാട്ടിലുള്ള വിശ്വാസത്തിന്റെ തെളിവാണ് ഈ നിക്ഷേപമെന്ന് മന്ത്രി എസ്. കീർത്തന പ്രതികരിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തെ സ്വാഗതം ചെയ്യുന്നതായും രാഷ്ട്രീയ ലാഭത്തിനായി സംസ്ഥാനത്തെ നിക്ഷേപ ഏജൻസികളെ സംശയിക്കുന്നവർക്കുള്ള മറുപടിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
hwashin and seoyon e-hwa to invest ₹1,370 crore in tamil nadu for automotive component manufacturing, putting end to relocation rumors to andhra pradesh.

