ചോക്ലേറ്റുകൾ, പെറ്റ് കെയർ ഉൽപ്പന്നങ്ങൾ എന്നിവയിലൂടെ ലോകപ്രശസ്തമായ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ‘മാർസ് ഇൻകോർപ്പറേറ്റഡ്’ (Mars Inc.) ഹൈദരാബാദിൽ തങ്ങളുടെ പുതിയ ഗ്ലോബൽ കാപ്പബിലിറ്റി സെന്റർ (ജി.സി.സി) തുറന്നു. പുതിയ കേന്ദ്രം ജെൻപാക്ടുമായി (Genpact) സഹകരിച്ചാണ് പ്രവർത്തനം ആരംഭിക്കുന്നത്. തുടക്കത്തിൽ 400 ജീവനക്കാരുമായി പ്രവർത്തനം തുടങ്ങുന്ന ഇവിടെ, ഭാവിയിൽ 1,000 ജീവനക്കാരെ വരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഡിജിറ്റൽ നവീകരണത്തിന്റെയും ബിസിനസ്സ് പ്രവർത്തനങ്ങളുടെയും പ്രധാന കേന്ദ്രമായി ഹൈദരാബാദ് ജി.സി.സി പ്രവർത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തിലുള്ള കമ്പനിയുടെ പ്രവർത്തന വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ഇത് സഹായകരമാകും. പരമ്പരാഗത ഐ.ടി സേവനങ്ങൾക്ക് പുറമെ സാങ്കേതിക വിദ്യ, ഗവേഷണം, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലേക്ക് ജി.സി.സി കളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ സർക്കാർ പ്രത്യേക താൽപ്പര്യമെടുക്കുന്നുണ്ടെന്ന് ചടങ്ങിൽ വ്യവസായ മന്ത്രി ശ്രീധർ ബാബു പറഞ്ഞു. ഇന്ത്യയിൽ ഇതിനകം ഏഴ് നിർമ്മാണ യൂണിറ്റുകളും 2,400-ലധികം ജീവനക്കാരുമുള്ള മാർസ് കമ്പനി, അടുത്തിടെ ഹൈദരാബാദിലെ പെറ്റ് ന്യൂട്രീഷ്യൻ ഫാക്ടറി വികസനത്തിനായി 55 മില്യൺ ഡോളറിന്റെ നിക്ഷേപവും പ്രഖ്യാപിച്ചിരുന്നു.
mars inc partners with genpact to launch a new global capability center in hyderabad, creating 1,000 job opportunities in digital innovation and analytics.

