നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടുന്നു. റിലീസിന് ശേഷം ദീപാവലി അവധിക്ക് പിന്നാലെ മികച്ച മുന്നേറ്റം കാഴ്ചവെച്ച ചിത്രം എട്ടു ദിവസത്തിനുള്ളിൽ 1000 കോടി രൂപയാണ് ആഗോളതലത്തിൽ വാരിക്കൂട്ടിയത്. ഇന്ത്യക്ക് പുറമെ, രാമായണം ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ വിവിധ ഏഷ്യൻ രാജ്യങ്ങളിലും ചിത്രം റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കുന്നത്.

ഇന്ത്യയിലാണ് രാമായണം ഉദ്ഭവിച്ചതെങ്കിലും, ലോകമെമ്പാടും ഈ ഇതിഹാസത്തിന്റെ 300-ലധികം പതിപ്പുകൾ നിലവിലുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലും ശ്രീലങ്കയിലും ഇതിന്റെ പ്രാദേശിക വകഭേദങ്ങൾ സജീവമാണ്. വാൽമീകി രാമായണവും തുളസീദാസിന്റെ രാംചരിത്മാനസും വലിയ രീതിയിൽ സ്വാധീനം ചെലുത്തിയ ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളിലും ചിത്രം വൻ വിജയമാണ് നേടുന്നത്. ഇന്തോനേഷ്യയിൽ നവംബർ 11-ന് റിലീസ് ചെയ്ത ചിത്രം പ്രീമിയറിലൂടെ മാത്രം ഏകദേശം ഒരു കോടി രൂപയോളം നേടി റെക്കോർഡിട്ടു. നൂറ്റാണ്ടുകളായി രാമായണ കഥകൾ നിലനിൽക്കുന്ന ഇന്തോനേഷ്യയിൽ ഒരു ഇന്ത്യൻ ചിത്രത്തിന്റെ എക്കാലത്തെയും മികച്ച തുടക്കമാണിത്. തായ്ലൻഡ്, കംബോഡിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
വിയറ്റ്നാമിലും വൻ തരംഗം
പരമ്പരാഗതമായി ഇന്ത്യൻ സിനിമകൾക്ക് വലിയ മാർക്കറ്റല്ലാത്ത വിയറ്റ്നാമിലും ‘രാമായണം’ ഒരു വിസ്മയമായി മാറിയിരിക്കുകയാണ്. സാധാരണയായി ഇന്ത്യൻ ചിത്രങ്ങൾ 20,000 ഡോളർ കടക്കാൻ ബുദ്ധിമുട്ടുന്ന ഈ വിപണിയിൽ, ആദ്യ ദിവസം തന്നെ ആ റെക്കോർഡുകൾ ഭേദിച്ച ചിത്രം ഇതിനോടകം രാജ്യത്ത് നിന്ന് 3 കോടി രൂപയോളം (350K ഡോളർ) നേടിയിട്ടുണ്ട്. ചമ്പ രാജവംശത്തിന്റെ ഭരണകാലം മുതൽ ഹൈന്ദവ സ്വാധീനമുള്ള വിയറ്റ്നാമിൽ വാൽമീകിക്കായി 1300 വർഷം പഴക്കമുള്ള ക്ഷേത്രവുമുണ്ട്. മാത്രമല്ല, വിയറ്റ്നാമിലെ സ്കൂളുകളിലും സർവ്വകലാശാലകളിലും രാമായണം മതഗ്രന്ഥം എന്നതിലുപരി ലോക സാഹിത്യത്തിന്റെ ഭാഗമായാണ് പഠിപ്പിക്കുന്നത്.
നേപ്പാളിലാകട്ടെ, ചിത്രത്തിന്റെ കുതിപ്പ് ചരിത്രം രചിച്ചിരിക്കുകയാണ്. എക്സ്റ്റെൻഡഡ് ഓപ്പണിംഗ് വാരത്തിൽ 8 കോടി രൂപയിലധികം (12.80 കോടി നേപ്പാളി രൂപ) നേടിയ ചിത്രം നേപ്പാളിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ആറാമത്തെ ഇന്ത്യൻ സിനിമയായി മാറി. ആർ.ആർ.ആർ (RRR), പത്താൻ, ജവാൻ തുടങ്ങിയ ചിത്രങ്ങളുടെ ആകെ കളക്ഷൻ റെക്കോർഡുകളെയാണ് രാമായണം ഇതിനോടകം മറികടന്നത്.
രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും വേഷമിടുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028 ദീപാവലിക്ക് റിലീസ് ചെയ്യും
nitesh tiwari’s ramayana starring ranbir kapoor enters the 1000 crore club in 8 days, breaking box office records in indonesia, vietnam, and nepal.

