ആഗോള കോർപ്പറേറ്റ് രംഗത്ത് ഇന്ത്യൻ വംശജരുടെ സ്വാധീനം വർധിച്ചുവരുന്നതായി എച്ച്എസ്ബിസി ഹുറൂൺ ഗ്ലോബൽ ഇൻഡ്യൻസ് ലിസ്റ്റ് 2026 വ്യക്തമാക്കുന്നു. ഇന്ത്യൻ വംശജരായ പ്രമുഖർ തലപ്പത്തുള്ള കമ്പനികളുടെ സംയുക്ത മൂല്യം രണ്ട് വർഷത്തിനിടെ 53 ശതമാനം വർധിച്ച് 15 ട്രില്യൺ ഡോളറിലെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ മുന്നേറ്റമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.

സുന്ദർ പിച്ചൈ നയിക്കുന്ന ആൽഫബെറ്റ് 4.2 ട്രില്യൺ ഡോളർ മൂല്യവുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തണ്ട്. സത്യാ നദെല്ലയുടെ നേതൃത്വത്തിലുള്ള മൈക്രോസോഫ്റ്റ് 2.6 ട്രില്യൺ ഡോളറുമായി രണ്ടാമതും, സഞ്ജയ് മെഹ്റത്രയുടെ മൈക്രോൺ ടെക്നോളജി 1.4 ട്രില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തുമുണ്ട്. രണ്ട് വർഷം മുൻപ് ഈ കമ്പനികളുടെ സംയുക്ത മൂല്യം 9.9 ട്രില്യൺ ഡോളർ ആയിരുന്നു.
പട്ടികയിലുള്ള 200 കമ്പനികളിൽ 103 എണ്ണവും എഐ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയോ അതിനെ സംയോജിപ്പിച്ചോ പ്രവർത്തിക്കുന്നവയാണ്. ഇവയുടെ ആകെ മൂല്യം 10.7 ട്രില്യൺ ഡോളർ വരും. മൊത്തം കമ്പനികളുടെ മൂല്യത്തിന്റെ 71 ശതമാനമാണിത്. ഈ സ്ഥാപനങ്ങൾ ആകെ 2.5 ട്രില്യൺ ഡോളറിന്റെ വാർഷിക വരുമാനവും 53 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്.
ഏറ്റവും പുതിയ പട്ടികയിൽ 76 പുതിയ കമ്പനികൾ ഇടംനേടിയിട്ടുണ്ട്. ഇതിൽ 127 എണ്ണം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തവയും 73 എണ്ണം സ്വകാര്യ കമ്പനികളുമാണ്. 49 സ്റ്റാർട്ടപ്പുകളും ഇതിൽ ഉൾപ്പെടുന്നു. പട്ടികയിൽ ഇടംനേടാനുള്ള കുറഞ്ഞ വിപണി മൂല്യം 2.5 ബില്യൺ ഡോളറായി ഉയർന്നു. അമേരിക്കയാണ് പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് (177 പ്രമുഖർ). സാൻ ഫ്രാൻസിസ്കോയാണ് (40 പേർ) ഇന്ത്യൻ വംശജരായ ബിസിനസ് നേതാക്കളുടെ സാന്ദ്രതയിൽ ഒന്നാമത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദതലത്തിൽ ഐഐടി ഡൽഹിയും ബിരുദാനന്തര ബിരുദത്തിൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയും മുന്നിലെത്തി.
The HSBC Hurun Global Indians List 2026 reveals that companies led by Indian diaspora leaders reached a combined value of $15 trillion, driven by the AI boom.
