പ്രമുഖ ദക്ഷിണേന്ത്യൻ ഭക്ഷ്യശൃംഖലയായ അഡയാർ ആനന്ദഭവന്റെ (A2B) ഭൂരിഭാഗം ഓഹരികളും ബോധി ട്രീ സിസ്റ്റംസ് ഏറ്റെടുത്തു. 180 മില്യൺ ഡോളറിന്റെ (ഏകദേശം 1,600 കോടിയിലധികം രൂപ) നിക്ഷേപമാണ് ഇതിലൂടെ ബോധി ട്രീ നടത്തുന്നത്. 50 വർഷം പഴക്കമുള്ള സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കാനും ഇന്ത്യയിലും വിദേശത്തും കൂടുതൽ വിപണികളിലേക്ക് വ്യാപിപ്പിക്കാനും പുതിയ നിക്ഷേപം സഹായിക്കും. കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) മുന്നോടിയായുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ജെയിംസ് മർഡോക്കിന്റെ ലൂപ സിസ്റ്റംസിന്റെ പിന്തുണയോടെ മർഡോക്കും മുൻ മാധ്യമ മേധാവി ഉദയ് ശങ്കറും ചേർന്ന് സ്ഥാപിച്ച നിക്ഷേപ സ്ഥാപനമാണ് ബോധി ട്രീ സിസ്റ്റംസ്. കരാർ യാഥാർത്ഥ്യമാകുന്നതോടെ എടുബി ഡയറക്ടർ ബോർഡ് ചെയർമാനായി ഉദയ് ശങ്കർ ചുമതലയേൽക്കും. ഇതോടെ കുടുംബ ബിസിനസായിരുന്ന അഡയാർ ആനന്ദഭവൻ പൂർണ്ണമായും പ്രൊഫഷണൽ മാനേജ്മെന്റ് രീതിയിലേക്ക് മാറും. പുതിയ ഇടപാടിലൂടെ എടുബിയുടെ ആകെ മൂല്യം ഏകദേശം 350 മില്യൺ ഡോളറായി കണക്കാക്കപ്പെടുന്നുവെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു. വേദ കോർപ്പറേറ്റ് അഡ്വൈസേഴ്സ് (വേദകോർപ്പ്) ആയിരുന്നു ഇടപാടിന്റെ സാമ്പത്തിക ഉപദേഷ്ടാക്കൾ.
50 വർഷം മുൻപ് കെ.ടി. ശ്രീനിവാസ രാജയും സഹോദരനും ചേർന്ന് തുടങ്ങിയ ചെറിയ പലഹാരക്കടയിൽ നിന്നാണ് മില്യൺ കണക്കിന് കുടുംബങ്ങൾക്ക് സേവനം നൽകുന്ന വലിയ ബ്രാൻഡായി എടുബി വളർന്നത്. ബോധി ട്രീയുമായുള്ള പങ്കാളിത്തം കമ്പനിയെ ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ സജ്ജമാക്കുമെന്നും ഉപഭോക്താക്കൾക്കും ജീവനക്കാർക്കും നിക്ഷേപകർക്കും കമ്പനിയുടെ വളർച്ചയിൽ പങ്കാളികളാകാൻ ഇതിലൂടെ സാധിക്കുമെന്നും ശ്രീനിവാസ രാജ വ്യക്തമാക്കി. പടിഞ്ഞാറൻ ഇന്ത്യയിലും യൂറോപ്പിലും പുതിയ വിപണികൾ കണ്ടെത്താനും റീട്ടെയിൽ ബിസിനസ് വിപുലീകരിക്കാനുമാണ് പുതിയ ഫണ്ട് പ്രധാനമായും വിനിയോഗിക്കുക. ചെന്നൈയിലെയും ബെംഗളൂരുവിലെയും നിർമ്മാണ ശാലകൾ ആധുനികവൽക്കരിക്കുന്നതിനൊപ്പം റീട്ടെയിൽ, കയറ്റുമതി വിപണികൾ ലക്ഷ്യമിട്ട് പുതിയൊരു നിർമ്മാണ കേന്ദ്രം കൂടി ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് പ്രൊമോട്ടർ കുടുംബാംഗമായ വിഷ്ണു ശങ്കർ ‘ദി ഹിന്ദു’വിനോട് പറഞ്ഞു.
നിലവിൽ ഇന്ത്യയിൽ 160-ഓളം ശാഖകളും വിദേശത്ത് 30-ലധികം ശാഖകളുമുള്ള എടുബിയിൽ 15,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. സിംഗപ്പൂർ, അമേരിക്ക, ഓസ്ട്രേലിയ, മലേഷ്യ, യുകെ എന്നിവിടങ്ങളിലാണ് വിദേശ ശാഖകളുള്ളത്. ദക്ഷിണേന്ത്യൻ വെജിറ്റേറിയൻ ഭക്ഷണശാലകൾക്ക് പുറമെ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മധുരപലഹാരങ്ങളും സ്നാക്സുകളും കമ്പനി വിറ്റഴിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ വലിയ വിശ്വാസം നേടിയെടുക്കാൻ എടുബിക്ക് സാധിച്ചിട്ടുണ്ടെന്നും വിദേശത്തെ പ്രവർത്തനങ്ങൾ ബ്രാൻഡിനെ കൂടുതൽ ആഗോള തലത്തിലേക്ക് വളർത്താൻ അവസരമൊരുക്കുമെന്നും ജെയിംസ് മർഡോക്കും ഉദയ് ശങ്കറും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രൊഫഷണൽ രീതിയിലുള്ള ഒരു ഭക്ഷ്യ ബിസിനസ് കെട്ടിപ്പടുക്കാൻ തങ്ങളുമായി കൈകോർത്ത സഹസ്ഥാപകരായ കെ.ടി. ശ്രീനിവാസ രാജയ്ക്കും കെ.ടി. വെങ്കിടേശനും അവർ നന്ദി അറിയിച്ചു.
Bodhi Tree Systems acquires a majority stake in Adyar Ananda Bhavan (A2B) for $180 million (₹1,600+ Cr) to power its expansion and upcoming IPO.

