കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഡിവൈസ് പർച്ചേഴ്സ് പോളിസിയിൽ നിർണ്ണായക മാറ്റങ്ങളുമായി ധനമന്ത്രാലയം. പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം അർഹരായ കേന്ദ്ര ജീവനക്കാർക്ക് 1.8 ലക്ഷം രൂപ (നികുതി പുറമെ) വരെ വിലയുള്ള ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും ലഭിക്കും. മാത്രമല്ല, നാല് വർഷത്തെ ഉപയോഗത്തിന് ശേഷം ഈ ഉപകരണങ്ങൾ തിരികെ നൽകാതെ ഉദ്യോഗസ്ഥർക്ക് സ്വന്തമായി സൂക്ഷിക്കാനും സാധിക്കും. ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചറാണ് നവംബർ 10-ന് ഇത് സംബന്ധിച്ച പുതുക്കിയ ഉത്തരവ് പുറത്തിറക്കിയത്.

40 ശതമാനത്തിലധികം ‘മേക്ക് ഇൻ ഇന്ത്യ’ (Make-in-India) ഘടകങ്ങളുള്ള ഉപകരണങ്ങൾക്കാണ് 1.8 ലക്ഷം രൂപയുടെ ഉയർന്ന പരിധി ബാധകമാകുക. മറ്റ് ഉപകരണങ്ങൾക്ക് 1.5 ലക്ഷം രൂപ വരെയാണ് അനുവദനീയമായ പരമാവധി തുക. 2023 ജൂലൈയിലെ മുൻ ഉത്തരവ് പ്രകാരം ഇത് യഥാക്രമം 1.3 ലക്ഷം, 1 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു. ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, അൾട്രാബുക്കുകൾ, നോട്ട്പാഡുകൾ എന്നിവയാണ് ഈ പട്ടികയിലുള്ളത്; എന്നാൽ മുൻ ഉത്തരവിലുണ്ടായിരുന്ന മൊബൈൽ ഫോണുകളെ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആർക്കൊക്കെയാണ് അർഹത?
പേ ലെവൽ 12-ഉം അതിനുമുകളിലുമുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ഈ ആനുകൂല്യം ലഭിക്കും. പേ ലെവൽ 8 മുതൽ 11 വരെയുള്ള തസ്തികകളിൽ ആകെ അംഗബലത്തിന്റെ 50 ശതമാനം പേർക്കാണ് നിലവിൽ അർഹതയുള്ളത് (അത്യാവശ്യ ഘട്ടങ്ങളിൽ ഇത് 75 ശതമാനം വരെ ഉയർത്താം).
നാല് വർഷം പൂർത്തിയാകുമ്പോൾ, ഉപകരണത്തിലെ ഔദ്യോഗിക വിവരങ്ങളെല്ലാം പൂർണ്ണമായും നീക്കം ചെയ്ത ശേഷമായിരിക്കും ഉദ്യോഗസ്ഥർക്ക് ഇവ സ്വന്തമായി നൽകുക. നാല് വർഷം തികയുന്നതിന് മുമ്പ് വിരമിക്കുകയോ സർവീസിൽ നിന്ന് വിട്ടുപോവുകയോ ചെയ്യുന്നവർക്ക്, വാർഷിക തേയ്മാന നിരക്കായ 25 ശതമാനം കിഴിച്ചുള്ള ബാക്കി തുക അടച്ച് ഉപകരണം സ്വന്തമാക്കാവുന്നതാണ്.
Finance Ministry raises laptop price limit to ₹1.8 lakh for eligible Central government officers. Know eligibility criteria and retaining rules after 4 years.
