ശക്തമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ വിജയിച്ച കേരളം ഇപ്പോൾ നേട്ടങ്ങളെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ദൗത്യത്തിലാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇതിനായി ആവശ്യമായ പിന്തുണ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ‘ഹഡിൽ ഗ്ലോബൽ 2026’-ൻറെ എട്ടാം പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനും അവ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ആവശ്യമായ ഫണ്ട് സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷൻ തുടങ്ങിയ സർക്കാർ ഏജൻസികളെയും നിക്ഷേപ ബാങ്കുകളെയും ഉൾപ്പെടുത്തി ഒരു കൺസോർഷ്യം സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ 76,000 ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന 9,200 സ്റ്റാർട്ടപ്പുകളുണ്ട്. ഇത് വലിയ നേട്ടമാണെങ്കിലും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യം അളക്കുന്നത് എണ്ണത്തേക്കാൾ അവയിൽ എത്രയെണ്ണം വിജയിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. അതിനാൽ കേരളം ഈ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പുകൾ സ്കെയിൽഅപ് ചെയ്യണമെന്നും ഇതിൻറെ രണ്ടാം ഘട്ടമായി സ്റ്റാർട്ടപ്പ് മിഷൻ എന്നതിനപ്പുറം സ്കെയിൽ-അപ്പ് മിഷൻ കൂടി നടപ്പിലാക്കേണ്ടതുണ്ട്.
മിഷൻ സമുദ്ര, സിൽവർ ഇക്കോണമി തുടങ്ങിയ സംസ്ഥാന സർക്കാരിൻറെ പദ്ധതികളെ ഇന്നൊവേഷൻ ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഇത് സ്റ്റാർട്ടപ്പുകൾക്ക് ധാരാളം അവസരങ്ങൾ തുറന്നുനൽകും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമെന്ന നിലയിൽ മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്തും മാർഗനിർദേശങ്ങളും പ്രയോജനപ്പെടുത്താൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ലോകോത്തര ഗവേഷണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, ഇൻകുബേഷൻ ശൃംഖലകൾ സൃഷ്ടിക്കുക, വ്യവസായ-വിദ്യാഭ്യാസ മേഖലകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയും ഈ മുന്നേറ്റത്തിൽ പ്രധാനമാണ്. ലോകമെമ്പാടും തൊഴിൽ മേഖലയുടെ സ്വഭാവം അതിവേഗം മാറുകയും, ഭാവി സാങ്കേതികവിദ്യകൾ കടന്നുവരുകയും ചെയ്യുന്നു. ഈ പുതിയ തൊഴിൽ പ്രവണതകൾക്കനുസൃതമായി പുതിയ അക്കാദമിക് സംവിധാനങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പുതിയ അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ സ്റ്റാർട്ടപ് ആവാസവ്യവസ്ഥയെ വളർത്തിയെടുക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ സ്വീകരിച്ച നടപടികളെയും മുഖ്യമന്ത്രി അനുസ്മരിച്ചു.
കേരളത്തെ നിക്ഷേപത്തിൻറെയും സംരംഭകത്വത്തിൻറെയും ആഗോള കേന്ദ്രമാക്കി മാറ്റുക എന്നതാണ് സർക്കാരിൻറെ കാഴ്ചപ്പാടെന്ന് മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ, ഐ.ടി, ഫ്യൂച്ചർ ടെക്നോളജി, സ്റ്റാർട്ടപ്പ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആഗോള സാങ്കേതിക വിപ്ലവത്തിൽ കേരളത്തെ സജീവ പങ്കാളിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നയങ്ങൾ രൂപീകരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്ക് ഇതിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. ഫണ്ടുകളുടെയോ മാർഗനിർദേശങ്ങളുടെയോ അഭാവം മൂലം സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ തടസ്സം നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കേരളം ഇപ്പോൾ വളർച്ചാ സാധ്യതയുള്ള സംരംഭങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകി അവയെ വലിയ തലത്തിലേക്ക് ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇലക്ട്രോണിക്സ്-ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. സുഹാസ് പറഞ്ഞു. ഈ ആവാസവ്യവസ്ഥയ്ക്ക് പുതിയ ദിശാബോധവും വിപുലമായ വ്യാപ്തിയും നൽകിക്കൊണ്ട് 100 കോടി രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള കുറഞ്ഞത് 100 ഡീപ് ടെക് കമ്പനികളെങ്കിലും വളർത്തിയെടുക്കുകയാണ് സർക്കാരിൻറെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും യൂറോപ്യൻ ഇന്നൊവേഷൻ മേഖലയും തമ്മിലുള്ള പങ്കാളിത്തം ഇനിയും വളരുമെന്ന് പരിപാടിയിൽ പ്രത്യേക പ്രഭാഷണം നടത്തിയ ബെൽജിയം എംബസി അംബാസഡർ സോഫി കാൾഷോസൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആശയങ്ങളും കഴിവുകളും വികസിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് യൂറോപ്പിലേതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് സ്വാഗതപ്രസംഗത്തിൽ കെഎസ് യുഎം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. ക്ലാസ് മുറികളിലോ ഗവേഷണ മുറികളിലോ ആരംഭിച്ച പല സംരംഭങ്ങളും കഴിവ്, നിശ്ചയദാർഢ്യം, നൂതനാശയങ്ങൾ എന്നിവയിലൂടെ വലിയ വളർച്ച കൈവരിച്ചു. ഈ ആവാസവ്യവസ്ഥ നൽകിയ പിന്തുണയും ഹഡിൽ ഗ്ലോബൽ പോലുള്ള പ്രധാന പരിപാടികളും അവരുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലാപരമായ പ്രവർത്തനങ്ങളിലെന്നപോലെ സാങ്കേതിക, ഇന്നൊവേഷൻ മേഖലയിലും സർഗാത്മകത വളരെ പ്രധാനമാണെന്ന് നടി കീർത്തി സുരേഷ് പ്രത്യേക പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. പരീക്ഷണങ്ങൾ നടത്താനും വെല്ലുവിളി എടുക്കാനും തയ്യാറായിക്കൊണ്ട് സർഗാത്മകമായ മനോഭാവത്തോടെ വേണം ഏത് നൂതന സംരംഭത്തെയും സമീപിക്കേണ്ടതെന്നും അവർ പറഞ്ഞു.
എം. വിൻസെൻറ് എം.എൽ.എ, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ യു കേൽഖർ, കെഎസ്യുഎം സി.ഒ.ഒ ടോം തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സംസ്ഥാന വയോജന ക്ഷേമ വകുപ്പ്, ഫോൺ പേ, ടാറ്റ എൽക്സി, നാഷണൽ കേഡറ്റ് കോർപ്സ് എന്നിവരുമായി ധാരണാപത്രം കൈമാറി. കൂടാതെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലാവസ്ഥാ, അന്തരീക്ഷ സ്ഥിതിവിവര വിശകലന കമ്പനിയായ മിസ്റ്റ്ഇ.ഒയിൽ 18 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചു. എം.ജി.എഫ് കവച്, സീഫണ്ട് എന്നിവരും ഇതിൽ പങ്കാളിയാണ്.
സ്റ്റാർട്ടപ്പുകൾക്ക് നൂതന ആശയങ്ങൾ പ്രദർശിപ്പിക്കാനും മൂലധനം സമാഹരിക്കാനും പങ്കാളികളെ കണ്ടെത്താനും വിദഗ്ധരിൽ നിന്ന് മാർഗനിർദേശങ്ങൾ നേടാനുമുള്ള വേദിയായായിട്ടാണ് ഹഡിൽ ഗ്ലോബൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ പരിപാടിയിൽ പാനൽ ചർച്ചകൾ, എഐ ഫിലിം ഫെസ്റ്റിവൽ, ഉൽപ്പന്നങ്ങളുടെ അവതരണം, ജിസിസി നേതാക്കളുടെ റൗണ്ട് ടേബിൾ കോൺഫറൻസ്, എക്സിബിഷൻ, 500-ലധികം നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ, ബിസിനസ് നെറ്റ്വർക്കിംഗ്, മെൻററിംഗ് സെഷനുകൾ എന്നിവ ഉൾപ്പെടുന്നു.
സ്റ്റാർട്ടപ്പ് സ്ഥാപകർക്കായി ഒരുക്കുന്ന പ്രത്യേക നിക്ഷേപ പ്ലാറ്റ് ഫോമിൽ 76 വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരും 50-ലധികം ഏഞ്ചൽ നിക്ഷേപകരും എത്തും. 4000 ത്തിലധികം സ്റ്റാർട്ടപ്പുകൾ, 200-ഓളം ശ്രദ്ധേയ വ്യക്തികൾ, 300-ലധികം സ്റ്റാർട്ടപ്പ് മെൻറർമാർ, 200-ലധികം കോർപ്പറേറ്റ് സ്ഥാപനങ്ങൾ, 150-ലധികം എക്സിബിറ്റേഴ്സ്, 150-ലധികം നിക്ഷേപകർ, 300-ഓളം പ്രമുഖ പ്രഭാഷകർ എന്നിവർ ഹഡിൽ ഗ്ലോബൽ-2026ൽ പങ്കെടുക്കുന്നുണ്ട്.
Huddle Global 2026 kicks off in Kovalam as Kerala targets a Scale-Up Mission to nurture deep-tech startups and drive global expansion for local innovators.
