കൊല്ലം, കൊട്ടാരക്കര മേഖലകളിലെ റെയിൽവേ വികസനത്തിന് കുതിപ്പേകി മീറ്റർഗേജ് കാലത്ത് സർവീസ് നടത്തിയിരുന്ന മൂന്ന് പ്രധാന ട്രെയിനുകൾ പുനരാരംഭിക്കാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കൊല്ലത്തുനിന്ന് പോത്തന്നൂർ, തിരുനെൽവേലി, തിരുച്ചെന്തൂർ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുന്നത്.

ഇതിനുപുറമെ, കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ഗുരുവായൂർ, വേളാങ്കണ്ണി, നാഗപട്ടണം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് പുനലൂർ–ഗുരുവായൂർ എക്സ്പ്രസ് നാഗപട്ടണത്തേക്ക് നീട്ടും. വിദ്യാർത്ഥികൾക്കും ദിവസവേതന തൊഴിലാളികൾക്കും മറ്റ് സ്ഥിരം യാത്രക്കാർക്കും പ്രയോജനകരമാകുന്ന രീതിയിൽ പുനലൂർ–കന്യാകുമാരി പാസഞ്ചറിന് കുറി (Kuri) സ്റ്റേഷനിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു.
പുതുവർഷത്തോടെ ചെന്നൈ എഗ്മോർ എക്സ്പ്രസിനും വേളാങ്കണ്ണി എക്സ്പ്രസിനും എഴുകോൺ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ലഭ്യമാകും. ഇതിനായുള്ള പ്ലാറ്റ്ഫോം വികസന പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാകും. ശബരിമല തീർത്ഥാടനകാലത്തെ തിരക്ക് പരിഗണിച്ച് കൊല്ലം-കോട്ടയം റൂട്ടിൽ കൊട്ടാരക്കര വഴി പ്രത്യേക ശബരിമല ട്രെയിൻ സർവീസും ആരംഭിക്കും. ഈ മേഖലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഇത് വലിയ ആശ്വാസമാകും.
Southern Railway to resume three metre-gauge era train services from Kollam to Podanur, Tirunelveli, and Tiruchendur, along with route extensions and new stops
