കൊച്ചി മെട്രോ രണ്ടാം ഘട്ട പിങ്ക് ലൈൻ എലിവേറ്റഡ് പാത നിർമാണം അതിവേഗത്തിൽ പൂർത്തിയാകുന്നു. മെട്രോ റെയിലുകൾ തമ്മിൽ യോജിപ്പിക്കുന്നതിനുള്ള ‘ഫ്ലാഷ് ബട്ട് വെൽഡിംഗ്’ പ്രവർത്തനങ്ങളോടെ രണ്ടാം ഘട്ടത്തിന്റെ ട്രാക്ക് നിർമാണം അടുത്ത ആഴ്ച ആരംഭിക്കും. നെഹ്റു സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് ഇൻഫോപാർക്ക് വഴി കാക്കനാട് വരെയാണ് 11.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ എലിവേറ്റഡ് പാത. കൊച്ചി മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ പൂർത്തിയാകുന്നതോടെ നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് യാത്രക്കാർ മെട്രോ വഴി അതിവേഗം എത്താൻ സാധിക്കും. മെട്രോ റെയിലുകൾ തമ്മിൽ യോജിപ്പിക്കുന്നതിനുള്ള ‘ഫ്ലാഷ് ബട്ട് വെൽഡിംഗ്’ പ്രവർത്തനങ്ങളോടെ രണ്ടാം ഘട്ടത്തിന്റെ ട്രാക്ക് നിർമാണം അടുത്ത ആഴ്ച ആരംഭിക്കും.

ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്കിലേക്കുള്ള ഇടനാഴിയിൽ 954 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി.
2027 ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടം മുന്നോട്ടുപോകുന്നത്. ട്രാക്ക് നിർമാണം ആരംഭിക്കുന്നതോടെ നിർണായക ഘട്ടത്തിലേക്ക് പദ്ധതി കടക്കും. പദ്ധതിയുടെ എലിവേറ്റഡ് വയഡക്റ്റുകളുടെ നിർമാണം 70 ശതമാനം പൂർത്തിയായി. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 13 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ലൈൻ ട്രാക്കുകൾക്കുള്ള വയഡക്റ്റുകൾ ആണ് വിഭാവനം ചെയ്യുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിങ് ഡയറക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന അവലോകന യോഗത്തിൽ പിങ്ക് ലൈൻ പദ്ധതിയുടെ പുരോഗതി വിശദമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.
കല്ലുകൾ നിരത്താത്ത 44 കിലോമീറ്റർ ബല്ലാസ്റ്റ്ലെസ് ട്രാക്ക് സംവിധാനത്തിന് ആവശ്യമായ 18 മീറ്റർ ദൈർഘ്യമുള്ള 2,444 റെയിലുകൾ നിർമാണ സ്ഥലത്ത് എത്തിച്ചു.
ട്രാക്ക് ഒരുക്കങ്ങൾക്കൊപ്പം മെട്രോ സ്റ്റേഷനുകളുടെ നിർമാണവും അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
ചിറ്റേത്തുകര , കിൻഫ്ര പാർക്ക് , വാഴക്കാല സ്റ്റേഷനുകളുടെ ഘടനാപരമായ ജോലികൾ പൂർത്തിയായി. മറ്റ് സ്റ്റേഷനുകളിലെ നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ തുടരുകയാണ്. സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷൻ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ എന്നിവയ്ക്കായുള്ള സാങ്കേതിക സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Kochi Metro Phase 2 Pink Line accelerates progress as track construction begins next week. The 11.2 km corridor will connect JLN Stadium to Kakkanad and Infopark.

