വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിലെ ലോജിസ്റ്റിക്സ്, സമുദ്രവ്യാപാര മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും അവസരങ്ങളുടെ വലിയ കടലാണ് തുറന്നുനൽകുന്നതെന്ന് വിദഗ്ധർ. കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച ‘ഹഡിൽ ഗ്ലോബൽ 2026’ ഉച്ചകോടിയിൽ ‘ഫോളോ ദി കണ്ടെയ്നർ: വേർ ദി മണി വിൽ ബി മെയ്ഡ് ഇൻ വിഴിഞ്ഞംസ് ലോജിസ്റ്റിക്സ് ഇക്കോണമി’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ഈ വിലയിരുത്തൽ.

2028-29 ഓടെ പൂർണസജ്ജമായ ഗേറ്റ്വേ പോർട്ട്
വിഴിഞ്ഞത്തെ പൂർണസജ്ജമായ ഗേറ്റ്വേ തുറമുഖമാക്കി മാറ്റുന്നതിനായി മൂന്ന് പ്രധാന ഗതാഗത പദ്ധതികൾക്ക് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) മുൻഗണന നൽകുന്നതായി എം.ഡി ജെറോമിക് ജോർജ് ഐ.എ.എസ് അറിയിച്ചു. ബാലരാമപുരത്തുനിന്ന് തുറമുഖത്തേക്കുള്ള ഭൂഗർഭ റെയിൽ തുരങ്കം, ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന കേരളത്തിലെ ആദ്യ ക്ലോവർലീഫ് ഇന്റർചേഞ്ച്, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് എന്നിവ 2028-29 ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര കപ്പൽ ചാലിന് സമീപമുള്ള തന്ത്രപ്രധാന സ്ഥാനം പ്രയോജനപ്പെടുത്തി വിഴിഞ്ഞം ബങ്കറിംഗ് ഹബ്ബായും കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമായും വളരുമെന്നും അദ്ദേഹം പറഞ്ഞു.
അനുബന്ധ മേഖലകളിൽ വൻ നിക്ഷേപ സാധ്യത
തുറമുഖത്തെ പ്രധാന ടെർമിനൽ പ്രവർത്തനങ്ങൾ പൂർണമായും ഓട്ടോമേറ്റഡ് ആയതിനാൽ, തുറമുഖത്തിന് പുറത്തുള്ള അനുബന്ധ വ്യവസായ ശൃംഖല (Ancillary ecosystem) വികസിപ്പിക്കുന്നതിലാണ് സ്റ്റാർട്ടപ്പുകൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദാനി പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ അഭിപ്രായപ്പെട്ടു. എക്സിം (Exim) കാർഗോ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ എംറ്റി കണ്ടെയ്നർ പാർക്കുകൾ, ഷിപ്പ് ഹാൻഡ്ലിംഗ്, ക്രൂ ചേഞ്ച് എന്നിവയ്ക്ക് വലിയ ഡിമാൻഡ് ഉണ്ടാകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വെയർഹൗസ് ഓട്ടോമേഷൻ, എ.ഐ അധിഷ്ഠിത കാർഗോ ഹാൻഡ്ലിംഗ്, ഹെവി എൻജിനീയറിംഗ് അസംബ്ലി യൂണിറ്റുകൾ എന്നീ മേഖലകളിൽ വൻ നിക്ഷേപ അവസരങ്ങൾ തുറന്നുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യഥാർത്ഥ നേട്ടം എക്സിം കാർഗോ വരുന്നതോടെ
നിലവിൽ കപ്പലിൽ നിന്ന് കപ്പലിലേക്കുള്ള ട്രാൻസ്ഷിപ്പ്മെന്റ് പ്രവർത്തനങ്ങളാണ് വിഴിഞ്ഞത്ത് പ്രധാനമായും നടക്കുന്നതെന്നും, കയറ്റുമതി-ഇറക്കുമതി (Exim) ചരക്കുനീക്കം പൂർണതോതിൽ ആരംഭിക്കുമ്പോൾ മാത്രമേ തുറമുഖത്തിന്റെ യഥാർത്ഥ സാമ്പത്തിക നേട്ടം കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുകയുള്ളൂവെന്നും ഹൗസ് ഓഫ് നിലമേൽ സി.ഇ.ഒ സുരേഷ് മാത്യു പറഞ്ഞു. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാരിടൈം സ്കിൽ അക്കാദമിയും നോളജ് ക്ലസ്റ്ററും
തുറമുഖ മേഖലയ്ക്ക് ആവശ്യമായ പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിൽ സേനയെ വാർത്തെടുക്കുന്നതിനായി സർവകലാശാലകളുമായി സഹകരിച്ച് ‘മാരിടൈം സ്കിൽ അക്കാദമിയും’ സ്കിൽ പാർക്കും സ്ഥാപിക്കണമെന്ന് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി (KUFOS) വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ നിർദേശിച്ചു. കേന്ദ്ര-സംസ്ഥാന സമുദ്ര ഗവേഷണ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് ‘ബ്ലൂ ഇക്കോണമി നോളജ് ക്ലസ്റ്റർ’ രൂപീകരിക്കണമെന്നും, ഗവേഷണ ഫലങ്ങളെ ഇൻകുബേഷൻ സെന്ററുകൾ വഴി വാണിജ്യ സ്റ്റാർട്ടപ്പുകളാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് ചർച്ച നിയന്ത്രിച്ചു.
Experts at Huddle Global 2026 highlight how Vizhinjam International Seaport opens vast opportunities for logistics, maritime, and AI-driven tech startups

