ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കായി ഫിലിപ്പീൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി കയറ്റുമതി കരാറുകളിൽ ഒപ്പുവെച്ചതായി ബ്രഹ്മോസ് എയ്റോസ്പേസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജയതീർത്ഥ് ആർ. ജോഷി. 2022-ൽ ഒപ്പുവെച്ച 374.96 മില്യൺ ഡോളറിന്റെ കരാർ പ്രകാരം ഫിലിപ്പീൻസിന് മിസൈലുകൾ കൈമാറിക്കഴിഞ്ഞു. ഇതിനുപുറമെ 2026 മേയിൽ വിയറ്റ്നാമുമായും ജൂലൈയിൽ ഇന്തോനേഷ്യയുമായും വൻകിട പ്രതിരോധ കരാറുകൾ പൂർത്തിയായി. ‘ഓപ്പറേഷൻ സിന്ദൂറിൽ’ 10 മുതൽ 20 വർഷം വരെ പഴക്കമുള്ള ബ്രഹ്മോസ് മിസൈലുകൾ പോലും കൃത്യതയോടെ ലക്ഷ്യം കണ്ടതോടെ ആഗോളതലത്തിൽ മിസൈലിന് വലിയ ഡിമാൻഡാണ് ലഭിക്കുന്നത്.

ഫിലിപ്പീൻസിൽ നിന്നുള്ള 700-800 മില്യൺ ഡോളറിന്റെ തുടർ ഓർഡറുകൾക്ക് പുറമെ യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, മലേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും ബ്രഹ്മോസ് സ്വന്തമാക്കാൻ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ജോഷി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവ കരാറുകളായി മാറും. പ്രതിരോധ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന നോൺ-ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗിനെക്കുറിച്ചുള്ള (NDT) അന്താരാഷ്ട്ര സമ്മേളനങ്ങൾ നവംബർ 15 മുതൽ 17 വരെ ബെംഗളൂരുവിൽ നടക്കുമെന്നും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യുന്ന ഈ സമ്മേളനത്തിലൂടെ 3,000 കോടി രൂപയിലധികം മൂല്യമുള്ള വ്യാപാര കരാറുകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
BrahMos Aerospace CEO Jayatirth R Joshi confirms major missile export deals with the Philippines, Vietnam, and Indonesia, boosting India’s defence exports.

