മോട്ടോർ സ്പോർട്സ് രംഗത്തേക്ക് കടന്നുവരുന്ന യുവപ്രതിഭകൾക്ക് കുറഞ്ഞ ചെലവിൽ പരിശീലനവും മത്സരപരിചയവും ഉറപ്പാക്കുന്നതിനായി പുതിയ റേസിംഗ് കാർ രൂപകൽപ്പന ചെയ്യാനൊരുങ്ങി കേരള സ്റ്റാർട്ടപ്പായ എം ആൻഡ് എൻ റേസിംഗ് ടീം (M&N Racing Team). ഇതിഹാസ ഫോർമുല വൺ ചാമ്പ്യൻ നിക്കി ലൗഡയുടെ മകനും ഓസ്ട്രിയൻ റേസിംഗ് താരവുമായ മത്തിയാസ് ലൗഡ ഈ സംരംഭത്തിൽ പങ്കാളിയായി ചേർന്നു. കോവളത്ത് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച ‘ഹഡിൽ ഗ്ലോബൽ 2026’ വേദിയിലാണ് പ്രഖ്യാപനമുണ്ടായത്. കാറിന്റെ കൺസെപ്റ്റ് ഡിസൈൻ കേരളത്തിൽ വികസിപ്പിക്കുമെങ്കിലും ഇറ്റാലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ച് യൂറോപ്പിലായിരിക്കും നിർമ്മാണം നടക്കുക.

ഗോ-കാർട്ടിംഗിൽ നിന്ന് ഫോർമുല 4-ലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക ചെലവ് കാരണം ലോകമെമ്പാടുമുള്ള നിരവധി യുവതാരങ്ങൾക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മത്തിയാസ് ലൗഡ പറഞ്ഞു. ഇന്ത്യയിൽ ഒരു സീസൺ ഗോ-കാർട്ടിംഗിന് ഏകദേശം 25 ലക്ഷം രൂപയും ഫോർമുല 4-ലേക്ക് കടക്കുമ്പോൾ അതിന്റെ നാലിരട്ടിയിലധികവും ചെലവ് വരുമെന്ന് സ്റ്റാർട്ടപ്പ് സ്ഥാപകൻ ജോസ് പൊറ്റംകുളം ചൂണ്ടിക്കാട്ടി. ‘കേരളത്തിൽ നിന്ന് ലോകത്തിലേക്ക്’ എന്ന ആശയത്തിലൂന്നി, സുരക്ഷയ്ക്കും പ്രൊഫഷണൽ വളർച്ചയ്ക്കും പ്രാധാന്യം നൽകി ആഗോളതലത്തിൽ മികച്ച റേസർമാരെ വാർത്തെടുക്കാൻ ഈ പദ്ധതി സഹായിക്കും
Kerala startup M&N Racing partners with Mathias Lauda to build an affordable racing car, bridging the gap between Go-Karting and Formula 4 for young racers.
