കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പാലക്കാട് സ്വദേശിനി ജൂബി ജോസിനെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ ‘സെക്കൻഡ് കരിയേഴ്സ്’ എന്ന കമ്പനിയിൽ ചീഫ് പ്രോഡക്ട് ഓഫീസറായി പ്രവർത്തിക്കുന്ന ജൂബി ജോസ്, മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഡിസംബറിൽ സ്ഥാനമേറ്റെടുക്കും. നിലവിലെ സിഇഒ അനൂപ് അംബിക കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 2022 ജൂണിൽ മൂന്ന് വർഷത്തേക്ക് നിയമിതനായ അനൂപ് അംബികയ്ക്ക് 2025-ൽ ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയിരുന്നെങ്കിലും, ഇനിയും തുടരാനില്ലെന്ന് അദ്ദേഹം സർക്കാരിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പുതിയ സിഇഒയെ കണ്ടെത്താനായി നടത്തിയ തിരഞ്ഞെടുപ്പിൽ 253 പേരാണ് അപേക്ഷിച്ചത്. ഇവരിൽ നിന്ന് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത 13 പേരെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അഭിമുഖത്തിനായി ക്ഷണിക്കുകയും, പങ്കെടുത്ത 12 പേരിൽ നിന്ന് മൂന്ന് പേരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കാർത്തിക് പരശുറാം ബാലകൃഷ്ണൻ രണ്ടാം റാങ്കും സന്തോഷ് സി.സി മൂന്നാം റാങ്കും നേടിയപ്പോൾ, ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജൂബി ജോസിനെ സിഇഒ സ്ഥാനത്തേക്ക് നിയമിക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.
Juby Jose becomes the first woman CEO of Kerala Startup Mission (KSUM), succeeding Anoop Ambika for a three-year term starting December
