പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ കൂടിക്കാഴ്ചയിൽ 1,03,500 കോടി രൂപയുടെ ‘മിഷൻ സമുദ്ര’ പദ്ധതി മുഖ്യ ചർച്ചാവിഷയമായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ സമഗ്ര വികസന ആവശ്യങ്ങൾ ഉന്നയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉൽപ്പാദനം, ലോജിസ്റ്റിക്സ് പാർക്കുകൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, റോഡ്-റെയിൽ-വിമാനത്താവള വികസനം തുടങ്ങി 12 സുപ്രധാന പദ്ധതികൾക്കാണ് കേന്ദ്രത്തിന്റെ പിന്തുണ തേടിയത്. ഇവയ്ക്ക് തത്വത്തിലുള്ള അംഗീകാരം നൽകണമെന്നും വിവിധ കേന്ദ്ര പദ്ധതികളിൽ കേരളത്തിന് അർഹമായ പരിഗണന ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജിഡിപി കണക്കെടുപ്പിലെ അപാകതകൾ പരിഹരിക്കുക, സംസ്ഥാനത്തിന് അധിക വൈദ്യുതി അനുവദിക്കുക, വൈദ്യുതി മേഖലയ്ക്കുള്ള വായ്പാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.
അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.
Kerala CM seeks PM Modi’s approval for the ₹1.03 lakh crore ‘Mission Samudra’ project to transform Vizhinjam Port into a major global maritime and logistics hub
