ഇന്ത്യൻ ഫാഷൻ വിപണിയിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ച് അമേരിക്കൻ ലൈഫ്സ്റ്റൈൽ ബ്രാൻഡായ യുഎസ് പോളോ അസോസിയേഷൻ (U.S. Polo Assn.). 2026ൽ ഇന്ത്യയിലെ ഉപഭോക്തൃ വിൽപ്പന ₹4,000 കോടി കടക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അടുത്ത നാലുമുതൽ അഞ്ച് വർഷത്തിനുള്ളിൽ ഈ ബിസിനസ് ഇരട്ടിയാക്കി ഏകദേശം ₹8,000 കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

2009ൽ ഇന്ത്യൻ വിപണിയിലെത്തിയ യുഎസ് പോളോ, പുരുഷന്മാരുടെ കാഷ്വൽ വസ്ത്രങ്ങളിൽ നിന്ന് വിപുലമായ ലൈഫ്സ്റ്റൈൽ ബ്രാൻഡായി വളർന്നിരിക്കുകയാണ്. നടപ്പുവർഷം ഇന്ത്യൻ വിപണിയിൽ ഏകദേശം 20 ശതമാനം വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
യുഎസ്പിഎ ഗ്ലോബൽ പ്രസിഡന്റും സിഇഒയുമായ ജെ. മൈക്കൽ പ്രിൻസ് പറയുന്നതനുസരിച്ച്, ബ്രാൻഡിന്റെ ആഗോള വിപണികളിൽ ഏറ്റവും വേഗത്തിൽ വളരുന്നത് ഇന്ത്യയാണ്. അമേരിക്കയാണ് നിലവിൽ കമ്പനിയുടെ ഏറ്റവും വലിയ വിപണിയെങ്കിലും വളർച്ചാനിരക്കിൽ ഇന്ത്യ മുന്നിലാണ്.
ഇന്ത്യയിൽ യുഎസ് പോളോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് അരവിന്ദ് ഫാഷൻസ് ലിമിറ്റഡാണ്. നടപ്പുവർഷം രാജ്യത്തെ 500-ാമത്തെ സ്റ്റോർ തുറക്കാനൊരുങ്ങുന്ന കമ്പനി, പ്രതിവർഷം 60 മുതൽ 70 വരെ പുതിയ സ്റ്റോറുകൾ ആരംഭിക്കാനും പദ്ധതിയിടുന്നു. വരുംവർഷങ്ങളിൽ സ്റ്റോറുകളുടെ എണ്ണം 1,000ലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.കൂടുതൽ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളുന്നതിനായി 3,000 മുതൽ 4,000 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള വലിയ സ്റ്റോറുകൾക്കും കമ്പനി പ്രാധാന്യം നൽകുന്നു.
പോളോ ടി-ഷർട്ടുകളും ഷർട്ടുകളും ഉൾപ്പെടുന്ന പ്രധാന വസ്ത്രവിഭാഗങ്ങളിൽ നിന്നാണ് കമ്പനിയുടെ ഏകദേശം 60 ശതമാനം ബിസിനസും ലഭിക്കുന്നത്. കുട്ടികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇന്നർവെയർ തുടങ്ങിയ വിഭാഗങ്ങൾ ശേഷിക്കുന്ന 40 ശതമാനം സംഭാവന ചെയ്യുന്നു.
ഏകദേശം രണ്ട് വർഷം മുമ്പ് ആരംഭിച്ച വനിതാ വസ്ത്രവിഭാഗം ഇതിനകം ₹100 കോടി വിൽപ്പന കടന്നിട്ടുണ്ട്. നിലവിൽ പ്രധാനമായും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളിലുമുള്ള ഈ വിഭാഗത്തെ സ്വന്തം റീട്ടെയിൽ സ്റ്റോറുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.
ഇന്ത്യയിലെ യുഎസ് പോളോ ബിസിനസിന്റെ ഏകദേശം 30 ശതമാനവും ഡിജിറ്റൽ ചാനലുകളിൽ നിന്നാണ് ലഭിക്കുന്നത്. പരമ്പരാഗത പരസ്യങ്ങളിൽ നിന്ന് ഡിജിറ്റൽ കേന്ദ്രീകൃത വിപണനത്തിലേക്ക് കൂടുതൽ ശ്രദ്ധ മാറ്റുകയാണ് കമ്പനി.ക്വിക്ക് കൊമേഴ്സ് മേഖലയിലും പുതിയ സാധ്യതകളാണ് കമ്പനി കാണുന്നത്. നിലവിൽ ബിസിനസിന്റെ അഞ്ച് മുതൽ പത്ത് ശതമാനം വരെ ഈ വിഭാഗത്തിൽ നിന്നാണ് ലഭിക്കുന്നതെന്ന് അരവിന്ദ് ഫാഷൻസ് വൈസ് ചെയർമാൻ കുലിൻ ലാൽഭായ് വ്യക്തമാക്കി.
ഇന്ത്യൻ വിപണിക്കായി ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് ഏകദേശം 50 ഡിസൈനർമാരും പ്രൊഡക്ട് പ്രൊഫഷണലുകളും കമ്പനിക്കുണ്ട്. യുഎസ് പോളോ ഇന്ത്യയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ 85 ശതമാനവും രാജ്യത്തിനകത്തുനിന്നാണ് സംഭരിക്കുന്നത്. ശേഷിക്കുന്ന 15 ശതമാനം മറ്റ് ഏഷ്യൻ വിപണികളിൽ നിന്നാണ്.ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള സാധ്യതയും കമ്പനി പരിശോധിക്കുന്നുണ്ട്. എന്നാൽ ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല.യുഎസ് പോളോയുടെ ആഗോള ബിസിനസ് 2026 അവസാനത്തോടെ 280 കോടി മുതൽ 290 കോടി ഡോളർ വരെയെത്തുമെന്നാണ് പ്രതീക്ഷ. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഇത് 400 കോടി ഡോളറായി ഉയർത്തുകയാണ് കമ്പനിയുടെ ദീർഘകാല ലക്ഷ്യം.
American fashion brand U.S. Polo Assn. is set to cross ₹4,000 crore in consumer sales in India, with an expected growth rate of 20% this year. The company aims to double its Indian business over the next four to five years and expand its retail network from 500 to 1,000 stores. According to USPA Global President and CEO J. Michael Prince, India is the brand’s fastest-growing market worldwide. Arvind Fashions Limited manages U.S. Polo’s operations in India, with 85% of the products sold in the country sourced domestically.
