വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന ചരക്കുകൾ കൈകാര്യം ചെയ്യുന്നതിന്റെ ലോജിസ്റ്റിക്സ് കേന്ദ്രമായി കൊല്ലം തുറമുഖത്തെ മാറ്റിയെടുക്കാൻ ലോജിസ്റ്റിക്സ് പങ്കാളികളെ ക്ഷണിച്ച് കേരള മാരിടൈം ബോർഡ്. ഷിപ്പിങ് ലൈനുകൾ, ഫ്രെയ്റ്റ് ഫോർവേഡർമാർ, മറ്റ് ലോജിസ്റ്റിക്സ് ഓപ്പറേറ്റർമാർ എന്നിവരിൽ നിന്നാണ് താൽപ്പര്യപത്രം ക്ഷണിച്ചത്. ഡിസംബർ രണ്ടിന് വൈകിട്ട് ആറ് മണി വരെയാണ് പ്രാഥമിക അപേക്ഷകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്.

കസ്റ്റംസ് അനുമതിയോടെ വിഴിഞ്ഞത്ത് ഇറക്കുന്ന ഇറക്കുമതി കണ്ടെയ്നറുകൾ കൊല്ലത്തെത്തിച്ച് ക്ലിയറൻസും അൺപാക്കിങ്ങും വിതരണവും നടത്തുകയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തമിഴ്നാട്ടിലെ തെങ്കാശി ഭാഗങ്ങളിൽ നിന്നുള്ള കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ, കയർ, ധാതുക്കൾ തുടങ്ങിയ കയറ്റുമതി ചരക്കുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള സ്റ്റാക്കിങ് യാർഡ്, ട്രാൻസിറ്റ് ഷെഡുകൾ, ക്രെയിനുകൾ തുടങ്ങിയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് പ്രവർത്തനം; കൊല്ലത്തേക്ക് കൂടുതൽ ചരക്ക് കൊണ്ടുവരാനുള്ള ശേഷിക്കായിരിക്കും പ്രത്യേക സ്ഥലം അനുവദിക്കുന്നതിൽ മുൻഗണന നൽകുക.
Kerala Maritime Board invites expressions of interest from logistics partners to connect Kollam Port with Vizhinjam International Seaport for cargo handling.
