ദേശീയപാത നിർമ്മാണത്തിൽ നിരവധി റെക്കോർഡുകൾ കുറിച്ച ഇന്ത്യ, റോഡ് കണക്റ്റിവിറ്റിയിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയതായി കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി. ഹൈദരാബാദിൽ 85-ാമത് ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നിലവാരമുള്ള റോഡുകളും രാജ്യത്തേക്കുള്ള നിക്ഷേപ ഒഴുക്കും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും, റോഡ് നിർമ്മാണത്തിൽ സർക്കാർ ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.

മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുണ്ടെന്നും നിർമ്മാണ മേഖലയിലുള്ളവർ പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. യുവാക്കളുടെ ജീവനെടുക്കുന്ന റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) ഇല്ലാത്ത റോഡുകൾ നിർമ്മിക്കാൻ എൻജിനീയർമാർ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങിൽ സംസാരിച്ച തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സംസ്ഥാനത്തെ റോഡ് വികസന പദ്ധതികൾ വിശദീകരിക്കുകയും, ഡിസംബർ 7 മുതൽ 9 വരെ ഭാരത് ഫ്യൂച്ചർ സിറ്റിയിൽ നടക്കുന്ന ‘ഇൻവെസ്റ്റ് തെലങ്കാന ഗ്ലോബൽ സമ്മിറ്റ് 2026’-ലേക്ക് പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു.
Union Minister Nitin Gadkari highlighted India’s achievement as world leader in road connectivity at the 85th Indian Roads Congress in Hyderabad.

