സ്വകാര്യ സംരംഭങ്ങൾക്ക് സംസ്ഥാനത്തെ മദ്യ, വൈൻ നിർമാണ വിപണന രംഗത്ത് കാര്യമായ റോളുണ്ടാകില്ലെന്ന സൂചനകൾ നിലനിൽക്കവേ യു ഡി എഫ് സർക്കാരിന്റെ മദ്യ നയം കൂടുതൽ നിർണായകമാകുന്നു. വൈൻ നിർമാണത്തിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വന്നാൽ അത് ചെറുകിട വൈൻ നിർമാണ സംരംഭങ്ങളെ സാരമായി തന്നെ ബാധിക്കും. സഹകരണ മേഖലക്ക് കൂടുതൽ ചുമതലകൾ നൽകികൊണ്ടാകും പുതിയ നയം.

2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ കരട് നിർദ്ദേശങ്ങൾ തയ്യാറായിക്കഴിഞ്ഞു, ഇത് നിലവിൽ യു.ഡി.എഫ് ഉപസമിതിയുടെ പരിഗണനയിലാണ്. നവംബർ 30-നകം പുതിയ നയത്തിന് അന്തിമരൂപം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ല എന്നതാണ് കരട് നയത്തിലെ പ്രധാന നിർദ്ദേശം. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ പുതിയ ലൈസൻസ് അപേക്ഷകൾ പരിഗണിക്കരുതെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ തയാറാകുന്ന കരട് നയത്തിൽ ഉത്തരവാദിത്ത മദ്യപാനത്തിനാണ് ഊന്നൽ. ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടില്ല, പക്ഷെ രൂപം മാറും. ഉപഭോക്താക്കളുടെ സൗകര്യത്തിനായിരിക്കും മുൻഗണന. സെൽഫ് ഹെൽപ് കൌണ്ടറുകൾ പ്രോത്സാഹിപ്പിക്കും. ബെവ്കോ ഔട്ട്ലെറ്റുകളും വേർഹൗസുകളും എറ്റെടുത്ത് നടത്താൻ സഹകരണ സംഘങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ മുൻഗണന കിട്ടും. കള്ള് ചെത്ത് മേഖലയിൽ സമഗ്ര മാറ്റവും പരിഗണനയിലുണ്ട്.
ലൈസൻസ് അധികാരത്തിലെ മാറ്റം. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് ബാർ ലൈസൻസുകൾ അനുവദിക്കാൻ നൽകിയിരുന്ന അധികാരം എടുത്തുകളയുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കിയിട്ടുണ്ട്. പകരം ഈ അധികാരം മന്ത്രിസഭയിൽ നിക്ഷിപ്തമാക്കും.
സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കില്ല. എന്നാൽ, നിലവിലുള്ള ഔട്ട്ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളും രൂപഘടനയും സംസ്ഥാനത്തുടനീളം ഏകീകരിക്കുകയും, ഉപഭോക്തൃ സൗകര്യാർത്ഥം സെൽഫ് സർവീസ് കൗണ്ടറുകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും.
സഹകരണ സംഘങ്ങൾക്ക് ബെവ്കോ ഔട്ട്ലെറ്റുകളുടെയും വെയർഹൗസുകളുടെയും നടത്തിപ്പ് ചുമതല നൽകാനും, ചില്ലറ വിൽപ്പനയിൽ അവരെ പങ്കാളികളാക്കാനും കരട് നയം നിർദ്ദേശിക്കുമെന്നും സൂചനയുണ്ട്.
ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കുന്നതിനെ സർക്കാർ പിന്തുണയ്ക്കുന്നില്ല. ഹോർട്ടി വൈൻ വിൽപ്പന ലിക്കർ ഷോപ്പുകൾ വഴി മാത്രമായി പരിമിതപ്പെടുത്താനും, ബേക്കറികൾക്ക് നൽകിയ അനുമതി റദ്ദാക്കാനും നടപടികളുണ്ട്.
ബാറുകളുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കുക, ത്രീ-സ്റ്റാർ ബാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഡ്രൈ ഡേ പിൻവലിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ചർച്ചയിലുണ്ട്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന സംബന്ധിച്ച നയപരമായ തീരുമാനം യു.ഡി.എഫ് ഉപസമിതിയുടെ ചർച്ചകൾക്ക് ശേഷമായിരിക്കും കൈക്കൊള്ളുക.
എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് രേഖ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരം ഘടകകക്ഷി പ്രതിനിധികൾ ഉൾപ്പെടുന്ന യു.ഡി.എഫ് ഉപസമിതിക്ക് വിട്ടിരിക്കുകയാണ്. ഉപസമിതിയുടെ പരിശോധനയ്ക്കും സമവായത്തിനും ശേഷം മാത്രമേ കരട് നയം മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിനായി എത്തുകയുള്ളൂ
The UDF government’s draft liquor policy for 2026-27 proposes no new bar licenses, role for co-op sector, curbs on wine sales, and self-service Bevco outlets.

