സാങ്കേതികവിദ്യയെയും സൈബർ സുരക്ഷയെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് ആധുനിക ബിസിനസുകളുടെ വിജയവും നിലനിൽപ്പുമെന്ന് വിദഗ്ധർ. കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിന്റെ രണ്ടാം ദിനത്തിൽ ‘കേരളത്തിലെ പ്രധാന മേഖലകൾക്ക് സാങ്കേതികവിദ്യയിൽ നിന്ന് എന്ത് വേണം, സംസ്ഥാന ഏജൻസികൾക്ക് എന്ത് നൽകാനാകും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഈ വിലയിരുത്തൽ.

നിർമിത ബുദ്ധിയുടെ വരവോടെ സൈബർ ആക്രമണങ്ങളുടെ വേഗം ഭയാനകമാംവിധം വർധിച്ചതായി മണപ്പുറം ഹൗസിംഗ് ഫിനാൻസ് സിടിഒ മനു ചൂണ്ടിക്കാട്ടി. പണ്ട് ഒരു സിസ്റ്റം ഹാക്ക് ചെയ്യാൻ ഒരു മാസത്തോളം സമയമെടുത്തിരുന്നെങ്കിൽ ഇന്ന് എഐയുടെ സഹായത്തോടെ വെറും അഞ്ചു മിനിറ്റിനുള്ളിൽ ഹാക്കിംഗ് നടക്കുന്നു. അതിനാൽ ഏതൊരു പുതിയ ആപ്ലിക്കേഷനും പുറത്തിറക്കുന്നതിന് മുൻപ് സൈബർ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും, 75 വർഷം പിന്നിടുന്ന മണപ്പുറം ഫിനാൻസ് കാലത്തിനൊത്ത സാങ്കേതിക നവീകരണങ്ങളിലൂടെയാണ് മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൈബർ സുരക്ഷ ഐടി വിഭാഗത്തിന്റെ മാത്രം ചുമതലയല്ലെന്നും ഒരു സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മുത്തൂറ്റ് സിഐഎസ്ഒ പ്രജീഷ് അഭിപ്രായപ്പെട്ടു. ഫിഷിംഗ്, റാൻസംവെയർ ആക്രമണങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് ബോധവൽക്കരണത്തിന്റെ കുറവ് മൂലമാണ്. ജീവനക്കാർക്ക് കൃത്യമായ പരിശീലനവും ഫിഷിംഗ് സിമുലേഷനുകളും നൽകണം. പരമ്പരാഗത ഐടി തൊഴിലവസരങ്ങൾ കുറയുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷാ മേഖലയിൽ വലിയ സാധ്യതകളാണുള്ളതെന്നും, വിദ്യാർഥികൾ സാങ്കേതിക വശങ്ങൾക്കൊപ്പം ഗവേണൻസ്, റിസ്ക് ആൻഡ് കംപ്ലയൻസ് (ജിആർസി) മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ആരോഗ്യമേഖലയിലെ സാങ്കേതികവിദ്യ ഇന്ന് രോഗികളുടെ ജീവൻ രക്ഷിക്കുന്ന പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ജനറൽ മാനേജർ ആബിദ് ഷെരീഫ് വ്യക്തമാക്കി. വിദേശത്തിരിക്കുന്ന മകന് ഒടിപി വഴി നാട്ടിലുള്ള പിതാവിന്റെ ആരോഗ്യവിവരങ്ങൾ അറിയാനും ടെലിമെഡിസിൻ വഴി ഡോക്ടർമാരുടെ സേവനം തേടാനും ഇന്ന് സാധിക്കുന്നു. ഹോസ്പിറ്റൽ ഇൻഫർമേഷൻ സിസ്റ്റം വഴി രോഗീപരിചരണം മുതൽ ലാബ് റിപ്പോർട്ടുകളും ഇൻഷുറൻസും വരെ പൂർണ്ണമായും പേപ്പർരഹിതമായി മാറി. എന്നാൽ ആശുപത്രികളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. കോടികൾ ലക്ഷ്യമിടുന്ന ഹാക്കർമാർ ഡാറ്റ നശിപ്പിക്കുന്നതിന് പകരം രോഗികളുടെ എംആർഐ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പരസ്പരം മാറ്റിമറിച്ച് ഡോക്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇത്തരം ആക്രമണങ്ങൾ ആശുപത്രികളുടെ പ്രവർത്തനത്തെയും വിശ്വാസ്യതയെയും സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വൈവിധ്യമാർന്ന ബിസിനസ് മേഖലകളിൽ ഓരോന്നിന്റെയും പ്രത്യേക ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ് സാങ്കേതികവിദ്യ നടപ്പിലാക്കേണ്ടതെന്ന് അബാദ് ഗ്രൂപ്പ് പ്രതിനിധി പ്രദീപ് അഭിപ്രായപ്പെട്ടു. സീഫുഡ് മേഖലയിൽ ഉൽപ്പാദനക്ഷമതയും സപ്ലൈ ചെയിൻ ഗുണനിലവാരവും ഉറപ്പാക്കാനും, റിയൽ എസ്റ്റേറ്റിൽ പ്രോജക്ട് മാനേജ്മെന്റിനും ചെലവ് നിയന്ത്രണത്തിനും, ഹോസ്പിറ്റാലിറ്റിയിൽ ഗസ്റ്റ് റിസർവേഷനും ദൈനംദിന പ്രവർത്തനങ്ങൾക്കുമാണ് സാങ്കേതികവിദ്യ പ്രധാനമായും ഉപയോഗിക്കുന്നത്. ഫയർവാൾ, എൻഡ് പോയിന്റ് സെക്യൂരിറ്റി, ഡാറ്റാ ബാക്കപ്പ് എന്നിവയ്ക്കൊപ്പം ജീവനക്കാരുടെ ബോധവൽക്കരണത്തിനും വലിയ പ്രാധാന്യം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന രാജഗിരി, സിഎംഐ സഭയുടെ ദീർഘവീക്ഷണത്തോടെ ഇപ്പോൾ ആരോഗ്യമേഖലയിലേക്കും ചുവടുവച്ചിരിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഐടി ഇൻഫ്രാസ്ട്രക്ചർ വിഭാഗം മേധാവി ജോബിൻ ജോസ് പറഞ്ഞു. സ്പെറിഡിയൻ ടെക്നോളജീസ് ഡയറക്ടറും സിഐഒ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറിയുമായ സുഗീഷ് സുബ്രഹ്മണ്യം ചർച്ച നയിച്ചു.
Experts at KGDTIS highlight how AI-driven hacking poses threats to business survival, emphasizing cybersecurity awareness, GRC skills, and data protection.
