നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മാലിന്യ സംസ്കരണ പദ്ധതി പ്രതിദിനം 36 ടൺ കംപ്രസ്ഡ് ബയോഗ്യാസ് (CBG) ഉത്പാദന ശേഷിയിലേക്ക് എത്തുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ‘വേസ്റ്റ്-ടു-വെൽത്ത്’ (മാലിന്യത്തിൽ നിന്ന് സമ്പത്ത്) പദ്ധതിയായി മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മൂന്ന് വർഷം മുൻപ് ആരംഭിച്ച പദ്ധതിയിൽ നിലവിൽ പ്രതിദിനം 16 ടൺ സി.ബി.ജി ഉത്പാദിപ്പിക്കുന്നുണ്ട്.

രാജ്യത്തെ 22 ലക്ഷം കോടി രൂപയുടെ ഇന്ധന ഇറക്കുമതി കുറയ്ക്കാൻ, കർഷകർ ഭക്ഷ്യധാന്യങ്ങൾക്കൊപ്പം ബയോഫ്യൂവൽ, ഹൈഡ്രജൻ, ഏവിയേഷൻ ഫ്യൂവൽ എന്നിവയുടെ ഉത്പാദകരായി മാറണമെന്ന് നാഗ്പൂരിൽ നടന്ന ദേശീയ ബയോഗ്യാസ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നെല്ലിന്റെയും ഗോതമ്പിന്റെയും വൈക്കോൽ, പരുത്തിത്തണ്ട്, കരിമ്പിൻ ചണ്ടി തുടങ്ങിയ കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ജൈവ ഇന്ധനവും ജൈവവളവും ഉത്പാദിപ്പിക്കാൻ സാധിക്കും.
കേന്ദ്ര സർക്കാരിന്റെ ഗോബർധൻ (Gobardhan) പദ്ധതിക്ക് കീഴിൽ ഇത്തരം സംരംഭങ്ങൾക്ക് മികച്ച സാമ്പത്തിക പിന്തുണ നൽകുന്നുണ്ടെന്നും വിദർഭ മേഖലയിൽ കൂടുതൽ പദ്ധതികൾ വരേണ്ടതുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. ചോളത്തിൽ നിന്നുള്ള എഥനോൾ ഉത്പാദനം പ്രോത്സാഹിപ്പിച്ചതിലൂടെ ചോളത്തിന്റെ വിപണി വില ക്വിന്റലിന് 1,200 രൂപയിൽ നിന്ന് 2,600 രൂപയായി ഉയർന്നുവെന്നും, ഇതിലൂടെ ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കർഷകർക്ക് 45,000 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Nitin Gadkari highlights Nagpur’s waste-to-CBG project, expanding capacity to 36 tonnes daily to create India’s largest waste-to-wealth initiative.
