മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ മുൻ ഔദ്യോഗിക വസതിയായ ‘ശീഷ് മഹൽ’ ഡൽഹി സർക്കാർ മാധ്യമങ്ങൾക്ക് തുറന്നുകൊടുത്തു. 58 കോടിയിലധികം രൂപ ചെലവഴിച്ച് ആഡംബര സൗകര്യങ്ങളോടെ നിർമ്മിച്ച കെട്ടിടത്തിലെ വിവിധ വസ്തുക്കളുടെ വിലവിവരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു മാധ്യമങ്ങളെ പ്രവേശിപ്പിച്ചത്. 11.56 ലക്ഷം രൂപയുടെ ഷാൻഡ്ലിയർ, 5.47 ലക്ഷം രൂപയുടെ ടു-സീറ്റർ സോഫ, 30 ലക്ഷം രൂപയുടെ ടിവി യൂണിറ്റ്, ഏകദേശം രണ്ട് ലക്ഷം രൂപയുടെ കട്ടിൽ എന്നിവ ഉൾപ്പെടെയുള്ള ആഡംബര വസ്തുക്കളുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. നികുതിപ്പണം എവിടെയാണ് ചെലവഴിച്ചതെന്ന് ജനങ്ങളെ കാണിക്കാനാണ് വസതി തുറന്നുകൊടുത്തതെന്നും, ആദ്യം എട്ട് കോടി രൂപ ബജറ്റിൽ വിഭാവനം ചെയ്ത പദ്ധതി 58 കോടിയിലധികം രൂപയിലേക്ക് ഉയർന്നുവെന്നും ഡൽഹി മന്ത്രി പർവേഷ് വർമ്മ വ്യക്തമാക്കി.

എട്ട് കിടപ്പുമുറികൾ, 12 ശൗചാലയങ്ങൾ, ജാക്കൂസി, സ്പാ, അഞ്ച് ഒ.എൽ.ഇ.ഡി (OLED) ടെലിവിഷനുകൾ, 95 ലക്ഷം രൂപയുടെ അടുക്കള സജ്ജീകരണം, 50-ലധികം എ.സികൾ തുടങ്ങിയ സൗകര്യങ്ങൾ ഈ ബംഗ്ലാവിലുണ്ട്. കോവിഡ് കാലത്ത് ഡൽഹി ഓക്സിജനായി കേഴുമ്പോൾ പൊതുപണം ഉപയോഗിച്ച് അഴിമതിയാണ് കെജ്രിവാൾ നടത്തിയതെന്നും വിയറ്റ്നാമിൽ നിന്ന് ഉൾപ്പെടെ മാർബിൾ ഇറക്കുമതി ചെയ്താണ് നിർമ്മാണം നടത്തിയതെന്നും മന്ത്രി കപിൽ മിശ്ര ആരോപിച്ചു. വസതി ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും 20 രൂപയാകും ടിക്കറ്റ് നിരക്കെന്നും മുതിർന്ന പൗരന്മാർക്കും കോളേജ് വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമായിരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Delhi government opens former CM Arvind Kejriwal’s ‘Sheesh Mahal’ residence to the media, revealing details of the ₹58 crore luxury bungalow.

