ലോകമാകമാനം കോവിഡ്-19 ന്റെ ഭീതിയിലാകുമ്പോള്‍ വൈറസ് ബാധയ്ക്കെതിരെയുള്ള ബോധവത്ക്കരണവുമായി കേരളത്തില്‍ നിന്ന് ഒരു റോബോട്ടും രംഗത്തുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ അസിമോവ് റോബോട്ടിക്സിന്റെ രണ്ട് റോബോട്ടുകളാണ് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനെക്കുറിച്ച് ക്യാംപയിനുമായി രംഗത്തുള്ളത്. ലോകാരോഗ്യ സംഘടനയുടെ പ്രചരണ വീഡിയോ ആദ്യ റോബോട്ടിലെ സ്ക്രീനില്‍ കാണിക്കും. ഇതൊടൊപ്പം മാസ്കുകള്‍, സാനിറ്റൈസര്‍, നാപ്കിന് എന്നിവയും റോബോട്ട് വഴി വിതരണവും ചെയ്യും. (കൂടുതലറിയാന്‍ വീഡിയോ കാണാം).
പ്രതിരോധത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും
പ്രതിരോധ മുന്‍കരുതലിനെക്കുറിച്ചുള്ള വിശദമായ വിവരണമാണ് രണ്ടാമത്തെ റോബോട്ട് നല്‍കുന്നത്. നിരന്തരമായ ബോധവത്കരണത്തിനു ശേഷവും പലരും ഇതിനെ ഗൗരവമായി എടുക്കാത്തതാണ് ഇത്തരമൊരു പരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് അസിമോവിന്റെ ഫൗണ്ടറും സിഇഒയുമായ ജയകൃഷ്ണന് പറയുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)
കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ റോബോട്ടുകള്‍ ബോധവത്കരണവും പ്രതിരോധ വസ്തുക്കളും നല്‍കുന്നത്. ദൈനംദിന സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പകരുന്നതെന്നതിനാല്‍ റോബോട്ടുകളെ മുന്‍നിറുത്തിയുള്ള ബോധവത്കരണം സുരക്ഷിതവും കൗതുകം ജനിപ്പിക്കുന്നതുമാണ്.