കൊറോണ വൈറസ് പകര്‍ച്ചയെ പ്രതിരോധിക്കാന്‍ ലോകമെമ്പാടും ഇന്നവേഷനുകളും റോബോട്ടിക് സൊല്യൂഷനുകളും ഒരുങ്ങുമ്പോള്‍, കണ്ണൂരിലെ ഒരുകൂട്ടം എഞ്ചിനീയറിംഗ് ചെറുപ്പക്കാര്‍ നമ്മുടെ ആരോഗ്യമേഖലയിലും ചലനങ്ങള്‍ ഉണ്ടാക്കുകയാണ്. കൊറോണ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്ന റോബോട്ടുകളാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. ‘Nightingale-19’ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട്, കോവിഡ് ചികിത്സാ കേന്ദ്രമായ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലാണ് ഡിപ്ലോയ് ചെയ്തിരിക്കുന്നത്.
റോബോട്ട് നിര്‍മ്മാണം സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച്
ഐസലോഷനില്‍ കഴിയുന്ന രോഗികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുമായോ ആവശ്യമെങ്കില്‍ ബന്ധുക്കളുമായോ കമ്മ്യൂണിക്കേറ്റ് ചെയ്യാനും റോബോട്ട് സഹായിക്കും. സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് റോബോട്ട് നിര്‍മ്മിച്ചത്. ഏറെ ലളിതമയി ആര്‍ക്കും ഓപ്പറേറ്റ് ചെയ്യാം എന്നതാണ് ഈ റോബോട്ടിന്റെ പ്രത്യേകത. ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകരും, ബിടെക് വിദ്യാര്‍ത്ഥികളുമാണ് ആരോഗ്യപ്രവര്‍ത്തകരെ ഏറെ സഹായിക്കുന്ന ഈ റോബോട്ട് വികസിപ്പിച്ചത്.
റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കാം: 25 കിലോ പേലോഡ്
റിമോട്ട് കണ്‍ട്രോളില്‍ നിയന്തിക്കാവുന്ന റോബോട്ടിന് 25 കിലോ വരെ പേലോഡ് കപ്പാസിറ്റിയുണ്ട്. ഒരു പോക്കില്‍ 15 പേര്‍ക്ക് വരെ മരുന്നും, ഭക്ഷണവും വെള്ളവും നല്‍കും. ഒരു കിലോമീറ്റര്‍ ദൂരം വരെ പോകാവുന്ന റോബോട്ട് ഓരോ മുറിയിലുമുള്ള രോഗികളുടെ അടുത്തെത്തും. വിദേശത്ത് നിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്ന വരും ദിവസങ്ങളില്‍ Nightingale-19 എന്ന ഈ റോബോട്ടിന് വലിയ റോള്‍ വഹിക്കാനുണ്ടാകും. അടിയന്തിര സഹാചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള റോബോട്ടുകളെ നിര്‍മ്മിക്കാന്‍ മറ്റ് കോളേജുകളിലെ വിദ്യാര്‍ത്ഥികളെ കൂടെ പ്രാപ്തമാക്കാക്കുകയാണ് വിമല്‍ ജ്യോതി കോളേജ് അധികൃതര്‍.