കോവിഡ് 19 പരിശോധനയ്ക്ക് മൊബൈല്‍ ലാബ് ഒരുക്കുകയാണ് വയനാട് ഗവ. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍ണമായും അണുവിമുക്തമാക്കിയ വാഹനത്തിനുള്ളില്‍ വെച്ച് സ്രവ സാമ്പിള്‍ എടുക്കാന്‍ കഴിയുന്ന തരത്തിലാണ് വിസ്ക് ഓണ്‍ വീല്‍സ് ഒരുക്കിയിരിക്കുന്നത്. വോക്ക് ഇന്‍ സാ്മ്പിള് കലക്ഷന്‍ കിയോസ്ക് ഇന്‍ വീല്‍സ് എന്നാണ് ഇതിന്റെ പൂര്‍ണരൂപം.
നീരിക്ഷണ കേന്ദ്രങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കും
ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍, കിയോസ്ക്കില്നിന്നും പുറത്തേക്ക് വിടുന്ന വായുവിനെ ശുചീകരിക്കുന്നതിനുളള അള്‍ട്രാവയലറ്റ് ട്രീറ്റ്മെന്റ് ചേമ്പര്‍, സ്രവപരിശോധനയ്ക്ക് എത്തുന്നവരുമായി ആശയവിനിമയം നടത്തുന്നതിനുളള ഉപകരണം തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികളെ ആരോഗ്യവകുപ്പ് ജീവനക്കാരെ ഉള്‍പ്പെടെ ആംബുലന്‍സില്‍ കൊണ്ടുവന്നാണ് പരിശോധന നടത്തുന്നത്. വിസ്ക് ഓണ്‍ വീല്‍സ് യാഥാര്‍ഥ്യമായതോടെ നിരീക്ഷണ കേന്ദ്രങ്ങളിലടക്കം ചെന്ന് സാമ്പിള്‍ ശേഖരിക്കാന്‍ സാധിക്കും.
അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും അധ്വാനം
എഞ്ചിനിയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ് അനിതയുടെ നേതൃത്വത്തില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും രണ്ടാഴ്ച്ചത്തെ പ്രയ്തനഫലമായിട്ടാണ് പരിശോധന കേന്ദ്രം സജ്ജമായത്. പ്രൊഫ. എം എം അനസ്, പ്രൊഫ. ഇ വൈ മുഹമ്മദ് ഷഫീക്, ആര് വിപിന്‍ രാജ്, പി കെ മഹേഷ്, കെ ആര് സുബിന് രാജ്, കെ പി മുഹമ്മദ് ഷഫീഖ്, സി ജെ സേവ്യര്‍, കെ ബാലന് എന്നിവരടങ്ങിയ സംഘമാണ് കേന്ദ്രം യാഥാര്ഥ്യമാക്കുന്നത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ആരോഗ്യവകുപ്പിന്റെ വാഹനം പരിഷ്ക്കരിച്ച് പരിശോധന കേന്ദ്രം തയ്യാറാക്കുന്നതിനുളള ചെലവ് ഗവ. എന്‍ജിനിയറിങ് കോളേജാണ് വഹിച്ചത്. ജില്ലാ ഭരണകൂടത്തിന് കിയോസ്ക്ക് കൈമാറിയിട്ടുണ്ട്.