കേരളത്തിന്റെ യുവസമൂഹത്തില്‍ വളര്‍ന്നുവരുന്ന സംരംഭക താല്പര്യത്തിന് ദിശാബോധം നല്കാന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ചാനല്‍അയാം ഡോട്ട് കോമുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കീ സമ്മിറ്റ് 2018 നെ ക്യാംപസുകള്‍ ആവേശപൂര്‍വ്വം വരവേല്‍ക്കുകയാണ്. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ 17 നും 18 നും നടക്കുന്ന സമ്മിറ്റിന് മുന്നോടിയായി കേരളത്തിലെ വിവിധ ക്യാംപസുകളില്‍ പോസ്റ്റര്‍ ക്യാമ്പെയ്നുകള്‍ക്ക് തുടക്കമായി. മികച്ച ആശയങ്ങള്‍ക്ക് ഫണ്ടിംഗ് നല്കുന്ന ഗ്രീന്‍ റൂം പിച്ചിംഗ് സെഷന് ഉള്‍പ്പെടെ സംസ്ഥാനത്തെ എന്‍ട്രപ്രണേറിയല്‍ ഇക്കോസിസ്റ്റത്തെ വൈബ്രന്റാക്കുന്ന ഷെഡ്യൂളാണ് ഡെലിഗേറ്റുകള്‍ക്കായി കീ സമ്മിറ്റ് 2018 കാത്തുവെയ്ക്കുന്നത്.
യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി. ബിജുവിന്റെ നേതൃത്വത്തിലാണ് സമ്മിറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. നവസംരംഭകര്‍ക്ക് ഏറെ സഹായകരമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലും എന്‍ട്രപ്രണര്‍ഷിപ്പിന്റെ മറ്റ് മേഖലകളിലും ശ്രദ്ധേയരായ സ്പീക്കേഴ്സ് നയിക്കുന്ന വിശദമായ സെഷനുകളാണ് സമ്മിറ്റിന്റെ ഹൈലൈറ്റ്. യുവസംരംഭകര്ക്ക് എന്‍ട്രപ്രണര്‍ഷിപ്പിന്റെ വിവിധ തലങ്ങളില്‍ പിന്തുണ നല്കുന്ന തുടര്‍ പദ്ധതികള്‍ക്ക് കൂടിയാണ് ഇതിലൂടെ യുവജനക്ഷേമ ബോര്‍ഡ് തുടക്കം കുറിക്കുന്നതെന്ന് പി. ബിജു വ്യക്തമാക്കി. സമ്മിറ്റിന് ശേഷം പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കുകയും അതിലൂടെ യുവസംരംഭങ്ങള്‍ക്ക് തുടര്‍ന്നും സഹായങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ടുളള വിപുലമായ പദ്ദതിയാണ് യുവജനക്ഷേമ ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്.
ഐടിക്ക് പുറമേ, പരമ്പരാഗത മേഖലകളിലും, അഗ്രികകള്ച്ചറിലും, ലൈഫ് സയന്‍സ് പോലുള്ള നവീന സെക്ടറുകളിലും സംരംഭത്തിന് പ്രേരിപ്പിക്കുന്ന സമ്മിറ്റില്‍ 18 മുതല്‍ 40 വയസ്സുവരെയുളള യുവതീയുവാക്കള്‍ക്കാണ് അവസരം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ആശയങ്ങളില്‍ നിന്ന് മികച്ച 300 പേരെയാണ് ഡെലിഗേറ്റായി തെരഞ്ഞെടുക്കുന്നത്. കേരളത്തിലെ എഞ്ചിനീയറിംഗ്, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിന്നും പോളിടെക്നിക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയവും പ്രോട്ടോടൈപ്പുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമ്മിറ്റില്‍ പങ്കെടുക്കാം. താല്പര്യമുളളവര്ക്ക് http://keysummit.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.