ഒന്നിലധികം മൊബൈൽ നമ്പറുകളുളളവർക്ക് സ്വന്തം പേരിലുളള എല്ലാ നമ്പരുകളും കണ്ടെത്താനും അനധികൃത സിമ്മുകൾ നീക്കംചെയ്യാനുമുളള സംവിധാനവുമായി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ്. tafcop.
ഉടമ അറിയാതെ വ്യക്തിഗത വിവരങ്ങൾ ചോർത്തി വ്യാജ സിമ്മുകളെടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. യഥാർത്ഥത്തിൽ ഉപയോഗിക്കാത്ത നമ്പറുകൾ കണ്ടെത്തി ഒഴിവാക്കുന്നതിന് നമ്പർ ഉടമകൾക്ക് പോർട്ടൽ സഹായമാകും. പോർട്ടലിലൂടെ ഏതൊരു വ്യക്തിയുടെയും പേരിൽ എത്ര മൊബൈൽ നമ്പറുകൾ സജീവമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തുക ഇപ്പോൾ എളുപ്പമായി. ഉപയോക്താക്കളുടെ അറിവില്ലാതെ ആരെങ്കിലും അവരുടെ പേരിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാകും.
ആളുകൾക്ക് അവരുടെ പേരിൽ നൽകിയിട്ടുള്ള മൊബൈൽ കണക്ഷനുകളുടെ എണ്ണം തിരിച്ചറിയാൻ സൈറ്റ് സഹായിക്കും. യഥാർത്ഥത്തിൽ ഉപയോഗത്തിലില്ലാത്ത നമ്പറുകൾ ബ്ലോക്ക് ചെയ്യാനുമാകും. ഉപയോക്താവിന് ഉപയോഗത്തിലുളള ഫോൺ നമ്പറുപയോഗിച്ച് OTP വഴി പോർട്ടൽ സേവനം പ്രയോജനപ്പെടുത്താം. SMS വഴി ടെലികോം വകുപ്പ് ഉപയോക്താക്കളുടെ പേരിലുളള നമ്പരുകളെ കുറിച്ച് വിവരം നൽകും. ഉപയോക്താക്കൾക്ക് പോർട്ടൽ സന്ദർശിച്ച് അവർ ഇനി ഉപയോഗിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ നമ്പറുകൾ റിപ്പോർട്ടുചെയ്യാം.
ഉപയോക്താവിന് ആവശ്യമില്ലാത്ത നമ്പറുകൾ ടെലികോം സേവന ദാതാക്കൾ ബ്ലോക്ക് ചെയ്യുകയോ ഡീ ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യും. ഉപഭോക്താക്കൾക്ക് പരാതിയുടെ പുരോഗതി ട്രാക്ക് ചെയ്യാനും പോർട്ടലിൽ സംവിധാനമുണ്ട്. രാജ്യത്ത് വ്യക്തികൾക്ക് കൈവശം വയ്ക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണം ഒമ്പതായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഒൻപതിലധികം മൊബൈൽ കണക്ഷനുകൾ ചില ഉപയോക്താക്കളുടെ പേരിൽ പ്രവർത്തിക്കുന്നതായി വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആന്ധ്രാപ്രദേശും തെലങ്കാനയും ഉൾപ്പെടുന്ന മേഖലയിലെ ഉപയോക്താക്കൾക്ക് പോർട്ടൽ സേവനം ലഭ്യമാകും.
ഘട്ടം ഘട്ടമായി മറ്റു ടെലികോം സർക്കിളുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. അൺ ഓതറൈസ്ഡ് സിം കാർഡുകൾ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും സ്ത്രീവിരുദ്ധ പ്രചാരണത്തിനും ഉപയോഗിക്കുന്ന കേസുകൾ രാജ്യത്ത് വർദ്ധിക്കുന്നുണ്ട്.