ഇ കൊമേഴ്‌സിനെക്കുറിച്ച് മലയാളി അറിഞ്ഞു തുടങ്ങുന്ന കാലത്ത് Delyver.com എന്ന ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലോക്കല്‍ ഓണ്‍ ഡിമാന്റ് മാര്‍ക്കറ്റ് പ്ലെയ്‌സ് ബില്‍ഡ് ചെയ്ത കേരളത്തില്‍ നിന്നുളള യുവ എന്‍ട്രപ്രണര്‍. ലക്‌നൗ ഐഐഎമ്മില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടി ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ സീനിയര്‍ സിസ്റ്റംസ് മാനേജര്‍ വരെയെത്തിയ കരിയറിന് ശേഷം 2010 ലാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് അഫ്‌സല്‍ സാലു എന്ന മലയാളി എന്‍ട്രപ്രണര്‍ Delyver.com ന് തുടക്കമിട്ടത്. പിഎഫില്‍ നിന്ന് ലഭിച്ച പണമുള്‍പ്പെടെ ഇന്‍വെസ്റ്റ് ചെയ്തായിരുന്നു സ്വന്തം സംരംഭത്തിന് അടിത്തറ ഒരുക്കിയത്.
146 സ്‌ക്വയര്‍ ഫീറ്റ് മാത്രമുളള ചെറിയ ഇടമായിരുന്നു ആദ്യ ഓഫീസ്. 9 മാസത്തോളം അങ്ങനെ ചെലവഴിച്ചു. മികച്ച കസ്റ്റമര്‍ സര്‍വ്വീസിനായി ഓഫീസ് കോള്‍ സെന്ററില്‍ കോള്‍ അറ്റന്‍ഡറായും ഡെലിവറി സര്‍വ്വീസിനിറങ്ങിയുമൊക്കെ എന്‍ട്രപ്രണറില്‍ നിന്ന് എംപ്ലോയിയുടെ വേഷത്തിലേക്കും തുടക്കകാലത്ത് മാറേണ്ടിവന്നിട്ടുണ്ട് അഫ്‌സല്‍ സാലുവിന്. നിരന്തര പരിശ്രമത്തിലൂടെ ബെംഗലൂരുവില്‍ ആയിരത്തിലധികം കച്ചവടക്കാരെ ഒരു കുടക്കീഴില്‍ എത്തിച്ച് നാല് ലക്ഷത്തിലധികം ഡെലിവറികളിലേക്ക് വരെയെത്തിയ സ്ഥാപനമായി ഡെലിവര്‍ ഡോട്ട് കോമിനെ അഫ്‌സല്‍ സാലുവും സുഹൃത്തുക്കളും ചേര്‍ന്ന് വളര്‍ത്തി.
പിന്നീട് ബിഗ് ബാസ്‌ക്കറ്റിന്റെ കൈകളിലേക്ക് എത്തിയ ഡെലിവറി ഡോട്ട് കോമില്‍ 90 മിനിറ്റുകള്‍ക്കുളളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന എക്‌സ്പ്രസ് ഡെലിവറി എന്ന പുതിയ പരീക്ഷണത്തിന് ചുക്കാന്‍ പിടിച്ചതും അഫ്‌സല്‍ സാലുവാണ്. എക്സ്രപ്രസ് ഡെലിവറി യൂണിറ്റിന്റെ ബിസിനസ് ഹെഡ്ഡായിരിക്കെ ബിഗ് ബാസ്‌ക്കറ്റിനോട് ബൈ പറഞ്ഞ് 2017 നവംബറില്‍ ഹെല്‍ത്ത്‌കെയറില്‍, ബെസ്റ്റ് ഡോക് എന്ന ഇന്റലിജന്റ് പേഷ്യന്റ് റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടു.
ഏത് മേഖലയിലായാലും സംരംഭത്തെക്കുറിച്ചുളള പ്രാഥമിക അറിവുകള്‍ ആര്‍ജ്ജിക്കുകയാണ് ആദ്യപടിയെന്ന് അഫ്‌സല്‍ സാലു പറയുന്നു. സ്വന്തം ഐഡിയയ്ക്ക് ആവശ്യമായ റിസോഴ്‌സസ് ലഭിക്കുന്നിടത്തേക്ക് പോകാന്‍ തയ്യാറാകുകയാണ് ഒരു സംരംഭകന്‍ ചെയ്യേണ്ടത്. പ്രൊഡക്ടിന് ഉചിതമായ മാര്‍ക്കറ്റില്‍ നിന്ന് വേണം തുടങ്ങാന്‍. അഡ്വാന്‍സ്ഡ് മാര്‍ക്കറ്റ് ലക്ഷ്യം വെച്ചുകൊണ്ടുളള പ്രൊഡക്ടാണെങ്കില്‍ തീര്‍ച്ചയായും മെട്രോ നഗരങ്ങളും അഡ്വാന്‍സ്ഡ് സംവിധാനങ്ങളുളള രാജ്യങ്ങളും തെരഞ്ഞെടുക്കണം. അവിടെ മാത്രമേ പ്രൊഡക്ടിലൂടെ റവന്യൂ ജനറേറ്റ് ചെയ്യാന്‍ കഴിയൂ. റവന്യൂ വന്നു തുടങ്ങിയാല്‍ ഇന്‍വെസ്‌റ്റേഴ്‌സ് ശ്രദ്ധിക്കാന്‍ തുടങ്ങും. നിക്ഷേപം ആകര്‍ഷിക്കാന്‍ അതാണ് ഉചിതമെന്ന് അഫ്‌സല്‍ സാലു പറയുന്നു. ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററെന്ന നിലയിലും ഇന്ന് സജീവമായ അഫ്‌സല്‍ സാലുവിനെപ്പോലുളളവരുടെ എക്‌സ്പീരിയന്‍സാണ് വരും കാലത്ത് കേരളം പ്രയോജനപ്പെടുത്തേണ്ടതും.
ഐഡിയയെ ടെക്‌നോളജിയുമായും ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യുണിറ്റിയുമായും ക്ലബ്ബ് ചെയ്യാന്‍ കഴിവുളള യാഥാര്‍ഥ്യബോധമുളള എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിയെയാണ് അഫ്‌സല്‍ സാലു പ്രതിനിധീകരിക്കുന്നത്. സമയനഷ്ടമുണ്ടാക്കുന്ന പഴഞ്ചന്‍ രീതികളില്‍ നിന്ന് ഹെല്‍ത്ത് കെയര്‍ സെക്ടറിനെ ടെക്‌നോളജിയുടെ സഹായത്തോടെ റീവാംപ് ചെയ്യുകയാണ് അഫ്‌സല്‍ സാലുവിന്റെ പുതിയ സംരംഭമായ ബെസ്റ്റ് ഡോക്ക് ലക്ഷ്യമിടുന്നത്. കേരളത്തിലെ പല ഹോസ്പിറ്റലുകളും ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളും ബെസ്റ്റ് ഡോക്കിന്റെ സേവനം ഇന്ന് പ്രയോജനപ്പെടുത്തുന്നുണ്ട്.