TATA ഗ്രൂപ്പിന്റെ SUPER APP, Tata Neu ഉപഭോക്താവിനെ എങ്ങനെ സ്വാധീനിക്കും?
TATA-യുടെ ഏത് പ്രോഡക്ടും ആകാംക്ഷയോടെയാണ് ഇന്ത്യയിലെ ഓരോ ഉപഭോക്താക്താവും കാത്തിരിക്കുന്നത്. അതിന് കാരണം Tata എന്ന ബ്രാൻഡിന്റെ വിശ്വാസ്യതയാണ്. ആ Tata-യിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു Super App “Tata Neu” വൈകാതെ വരാൻ പോകുകയാണ്. ബിസിനസ്സുകളിൽ ഉടനീളം 200 ബില്യൺ ഡോളറിലധികം മൂല്യമുള്ള India-യിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന് ഒരു പുതിയ മേഖലയിൽ കോടിക്കണക്കിന് നിക്ഷേപം നടത്തുമ്പോൾ തീർച്ചയായും അത് ശ്രദ്ധിക്കപ്പെടുന്ന ഒരു സംരംഭമാകുമെന്ന് ഉറപ്പാണ്.
വളരെ പരിമിതമായി സൂപ്പർ ആപ്പിന്റെ ട്രയൽ ടാറ്റ ഗ്രൂപ്പ് നടത്തി വരികയാണ്. ഇപ്പോൾ Food, Grocery, Electronics, Clothes എന്നിവയിലെല്ലാം വ്യത്യസ്ത App-കളാണ് നമ്മൾ ഉപയോഗിക്കുന്നത്. Tata-യുടെ Super App ഇവയെല്ലാം ഒരേ പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നു. Tata Group-ന് ഇപ്പോൾ തന്നെ ഉപ്പ് മുതൽ വിമാനം വരെ സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും ഒരു നീണ്ട നിര തന്നെയുണ്ട്. ഇതിനും പുറമേ കഴിഞ്ഞ കുറച്ച് നാളുകളായി തന്ത്ര പ്രധാന മേഖലകളിലെ സ്റ്റാർട്ടപ്പുകളെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഗ്രോസറി സ്റ്റാർട്ടപ്പ് ബിഗ്ബാസ്കറ്റ് അല്ലെങ്കിൽ ഓൺലൈൻ ഫാർമസി 1mg, എന്നിവയെല്ലാം സൂപ്പർ ആപ്പിലുണ്ടാകും. അതിനാൽ ഇത് ഉപയോഗിക്കുന്നത് അക്ഷരാർത്ഥത്തിൽ ഒരു ആപ്പിനുള്ളിലെ ഒരു ആപ്പ് പോലെയായിരിക്കും അനുഭവപ്പെടുന്നത്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് ക്രോമ,ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ എയർഏഷ്യ, ഹോട്ടലുകൾക്കായി താജ്, സാറ്റലൈറ്റ് ടിവിക്ക് ടാറ്റ സ്കൈ തുടങ്ങി ഒറ്റക്ലിക്കിൽ സേവനങ്ങളെല്ലാം മുന്നിലെത്തും. ആഡംബര, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളോ ജുവലറിയോ തുടങ്ങി ടാറ്റയുടെ മുഴുവൻ സേവനങ്ങളും നിങ്ങൾക്ക് ഈ ആപ്പിലൂടെ കയ്യിലെത്തും.
ദുബായ് എയർപോർട്ടിലെ ഷോപ്പിംഗ് ഏരിയയുടെ ഡിജിറ്റൽ പതിപ്പ് പോലെയാണ് ആപ്പിന്റെ ഹോംസ്ക്രീൻ അനുഭവപ്പെടുന്നതെന്നാണ് ചില റിവ്യു റിപ്പോർട്ട് പറയുന്നത്. ആപ്പിന്റെ മറ്റൊരു പ്രധാന ആകർഷണം NeuCoins ആണ്. ടാറ്റ ന്യൂവിൽ നിന്ന് ഓരോ പർച്ചേസിനും ക്യാഷ്ബാക്കും കിഴിവുകളും ലഭിക്കുമെന്ന് റിവ്യു പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ലോയൽറ്റി പ്രോഗ്രാമാകും ടാറ്റാ ഗ്രൂപ്പ് അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.വാണിജ്യ ഇടപാടുകളുടെ നട്ടെല്ല് പേയ്മെന്റ് ആയതിനാൽ സൂപ്പർ ആപ്പുകൾ വിജയിക്കുന്നതിന് പേയ്മെന്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. വാസ്തവത്തിൽ, അതുകൊണ്ടാണ് ആമസോണിന് സമാനമായി ടാറ്റ ന്യൂവും സ്വന്തം പേയ്മെന്റ് പ്ലാറ്റ്ഫോം നിർമ്മിക്കുന്നത്.
സ്വകാര്യതയുടെ കാര്യത്തിൽ ഒറ്റനോട്ടത്തിൽ, Tata Neu ഉപയോക്താവിന്റെ സ്വകാര്യതയെക്കുറിച്ച് കുറച്ച് ശ്രദ്ധ പുലർത്തുന്നുണ്ടെന്നാണ് ട്രയൽ റിപ്പോർട്ട് പറയുന്നത്. ഒറ്റ ടാപ്പിലൂടെ പ്രമോഷണൽ എസ്എംഎസുകൾ, ഇമെയിലുകൾ, പുഷ് നോട്ടിഫിക്കേഷൻ എന്നിവയിൽ നിന്ന് നിങ്ങൾക്ക് ഒഴിവാകാം. സ്ക്രീൻലോക്കിലും ആപ്പ് ആക്സസ് ചെയ്യാൻ കഴിയും. ആളുകൾ അവരുടെ ഇൻറർനെറ്റ് ഇടപാടുകളിൽ ഭൂരിഭാഗത്തിനും ഈ ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ ടാറ്റയുടെ ഈ നീക്കം ഗുണം ചെയ്യും.ഈ ആപ്പ് സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് ടാററ ഗ്രൂപ്പ് എന്തെങ്കിലും നൂതന തന്ത്രങ്ങൾ പ്രയോഗിക്കുമോയെന്നാണ് വ്യവസായലോകം ഉറ്റുനോക്കുന്നത്.
ഉപഭോക്തൃ മനഃശാസ്ത്രത്തിന്റെ ഒരു പരീക്ഷണമാണ് ടാറ്റ സൂപ്പർ ആപ്പിലൂടെ നടത്താൻ പോകുന്നത്. ചൈനയാണ് ഇതിനു മുൻപ് സൂപ്പർ ആപ്പ് വിജയകരമായി നടപ്പാക്കിയ രാജ്യം. ടാറ്റയുടെ മാതൃക പലപ്പോഴും സ്വന്തം സ്ട്രാറ്റജികൾ ആണെന്നതിനാൽ Tata Neu സൃഷ്ടിക്കുന്ന തരംഗം എന്താണെന്ന് അറിയാൻ കുറച്ച് കൂടി കാത്തിരിക്കണം.