ഇന്ത്യൻ റൈഡ് ഹെയ്ലിംഗ് സ്റ്റാർട്ടപ്പായ ഒല ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ട്. ഇലക്‌ട്രിക് മൊബിലിറ്റി ബിസിനസിനായുള്ള റിക്രൂട്ട്‌മെന്റ് വർധിപ്പിച്ചതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പിരിച്ചുവിടലിന് ലക്ഷ്യമിടുന്നവരോട് സ്വമേധയാ രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് പറയുന്നു. ‘ചെലവ് ചുരുക്കൽ’ നടപടി എന്നതിലുപരി ‘പുനഃക്രമീകരിക്കൽ’ പ്രക്രിയയെന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഇലക്ട്രിക് കാറുകൾക്കും സെൽ വികസനത്തിനുമായി 800 പേരെ റിക്രൂട്ട് ചെയ്യാൻ ഒല ഇലക്ട്രിക് പദ്ധതിയിടുന്നതായി കമ്പനി കൂട്ടിച്ചേർത്തു.
മൊബിലിറ്റി, ഹൈപ്പർലോക്കൽ, ഫിൻടെക്, ഒല ഇലക്ട്രിക്കിനായുള്ള യൂസ്ഡ് കാർ ബിസിനസ്സ് എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലുമായാണ് നിയമനം.ഇലക്ട്രിക് മൊബിലിറ്റി ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്കീമിന് കീഴിൽ ഇന്ത്യയിൽ അഡ്വാൻസ്ഡ് സെല്ലുകളുടെ പ്രാദേശിക നിർമ്മാണത്തിനായി ഘനവ്യവസായ മന്ത്രാലയവുമായി ഒല ഇലക്ട്രിക് കരാർ ഒപ്പിട്ടിട്ടുണ്ട്. 80,000 കോടി രൂപയുടെ സെൽ പിഎൽഐ സ്കീമിന് കീഴിൽ ഗവൺമെന്റ് തിരഞ്ഞെടുത്ത ഏക ഇന്ത്യൻ ഇവി കമ്പനിയാണ് ഒല ഇലക്ട്രിക്. പരമാവധി 20 ജിഗാവാട്ട് ശേഷിയാണ് അനുവദിക്കപ്പെട്ടത്. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനും ഇവിയുടെ ഏറ്റവും നിർണായകമായ മേഖലകൾ പ്രാദേശികവൽക്കരിക്കുന്നതിനും ACC PLI സ്കീം സഹായകമാകുമെന്ന് ഒല ഫൗണ്ടറും സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ലിഥിയം-അയൺ സെൽ NMC 2170 അടുത്തിടെ ഒല പുറത്തിറക്കിയിരുന്നു.ഒലയുടെ ബാറ്ററി ഇന്നൊവേഷൻ സെന്റർ (BIC) ഓഗസ്റ്റിൽ പ്രവർത്തനക്ഷമമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക്, ലോക്കലൈസ്ഡ് സെൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ബാറ്ററി നവീകരണത്തിനായി വിപുലമായ ലാബുകളും ഹൈടെക് ഉപകരണങ്ങളും ബാറ്ററി ഇന്നൊവേഷൻ സെന്ററിൽ സ്ഥാപിക്കും. ഇതിനായി ലോകമെമ്പാടുമുള്ള മികച്ച സെൽ ഗവേഷണ വികസന പ്രതിഭകളെ കമ്പനി റിക്രൂട്ട് ചെയ്യുന്നുമുണ്ട്.